കാസർകോട്: കാർ വായ്പയിൽ അമിത പലിശ ഈടാക്കിയെന്ന ഹർജിയിൽ സുപ്രധാന വിധിയുമായി ഉപഭോക്തൃ കോടതി. വാണിജ്യ ബാങ്കുകൾ ഈടാക്കുന്നതിന്റെ മൂന്നു ശതമാനത്തിൽ കൂടുതൽ പലിശ ഈടാക്കരുതെന്നാണ് മഹീന്ദ്രാ ഫിനാൻസ് കമ്പനിക്കെതിരെ ബദിയടുക്ക കേളോട്ടെ നസീമയുടെ ഹരജിയിൽ കോടതി ഉത്തരവിട്ടത്.

2017ൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 12 പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കേരള ചരിത്രത്തിൽ തന്നെ ആദ്യ വിധിയുണ്ടായത്.2013ൽ രജിസ്റ്റർ ചെയ്ത കെഎൽ 14 എൻ 9989 നമ്പർ സ്വിഫ്റ്റ് കാറിന്റെ ലോണിന് 12-15 വരെ ശതമാനം പലിശ ഈടാക്കുന്നിടത്ത് 41 ശതമാനത്തോളം പലിശ ഈടാക്കിയെന്നാണ് പരാതി.

നിശ്ചിത പലിശയാണ് വാഹന ലോണുകൾക്ക് ഫിനാൻസ് കമ്പനികൾ ഈടാക്കുന്നത്. അടവു മുടങ്ങുമ്പോൾ പ്രതിമാസം 3-5 ശതമാനം അധിക പലിശ ഈടാക്കുന്നു. ഒരുവർഷത്തേക്ക് 41ശതമാനത്തിന് മേലെ വരും. ഇതുസംബന്ധിച്ച കേസിലാണ് വാണിജ്യ ബാങ്കുകൾ ഈടാക്കുന്നതിന്റെ മൂന്നുശതമാനത്തിൽ കൂടുതൽ പലിശ ഈടാക്കരുതെന്ന സുപ്രധാന വിധിയുണ്ടായിരിക്കുന്നത്. അഡ്വ. സാജിദ് കമ്മാടാണ് കേസിൽ ഹാജരായത്.