തിരുവനന്തപുരം: കഞ്ചാവ് കടത്ത് പൊലീസിന് ഒറ്റിക്കൊടുത്ത പകയിൽ തലസ്ഥാനത്തെ ചാക്ക ഊബർ ടാക്‌സി ഡ്രൈവർ സമ്പത്തിനെ മുഖവും ശരീരവും കുത്തിക്കീറി മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ സി. ഡി. ഫയലും പൊലീസ് റിപ്പോർട്ടും ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.

വഞ്ചിയൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കേസ് ഡയറി ഫയലും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ ജഡ്ജി മിനി. എസ്. ദാസ് ഉത്തരവിട്ടത്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജൂൺ 29 മുതൽ റിമാന്റിൽ കഴിയുന്ന കഞ്ചാവ് കടത്തു കേസ് പ്രതികളായ കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സനൽ മുഹമ്മദ് ഖനി (29) , സജാദ് (26) എന്നിവർ സമർപ്പിച്ച ജാമ്യഹർജിയിലാണ് കോടതി ഉത്തരവ്.

2021 ജൂൺ 28 നാണ് തലസ്ഥാനം നടുങ്ങിയ അരും കൊലപാതകം നടന്നത്.തിങ്കളാഴ്ച പുലർച്ചെ ഊബർ ടാക്‌സി ഡ്രൈവർ പേട്ട സ്വദേശി സമ്പത്തിനെ ചാക്കയിലെ വാടക വീട്ടിനുള്ളിൽ മുഖം തിരിച്ചറിയാനാവാത്ത വിധം ശരീരത്തിൽ 60 ഓളം മുറിവുകളോടെ രക്തം വാർന്ന് മൃഗീയമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ക്രൂര കൊലപാതകത്തിനിടെ ഒന്നാം പ്രതിയായ സനൽ മുഹമ്മദിന് കൈക്ക് പരിക്കേറ്റിരുന്നു. സനൽ ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തി. ബൈക്കിൽനിന്ന് വീണെന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. സനലിനെ അന്വേഷിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് സജാദ് പിടിയിലായത്.

സമ്പത്ത് ഒറ്റിക്കൊടുത്തതിനാലാണ് ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത് കേസിൽ സജാദും സനൽ മുഹമ്മദും പിടിയിലായതെന്ന വിരോധത്താലാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്. സനൽ മുഹമ്മദ് നേരത്തെയും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ടെക്‌നോ സിറ്റി കേന്ദ്രീകരിച്ചുള്ള കഴക്കൂട്ടം - ആറ്റിങ്ങൽ ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ് പ്രതികൾ.

സമ്പത്തിനെ ആക്രമിക്കാനുപയോഗിച്ച കത്തികളിലൊന്ന് ചാക്ക മേൽ പാലത്തിന് സമീപമുള്ള പുരയിടത്തിലെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സനൽ മുഹമ്മദ് ഉപയോഗിച്ച കത്തിയാണെന്ന കുറ്റസമ്മത മൊഴി പ്രകാരമാണ് കത്തി കണ്ടെടുത്തത്. കൊല നടന്ന ചാക്ക വാടക വീട്ടിൽ നിന്ന് മറ്റൊരു കത്തിയും കണ്ടെടുത്തു.

സജാദാണ് കഞ്ചാവു കടത്തു വിവരം പൊലീസിന് കൈമാറിയതെന്നാണ് സനൽ മുഹമ്മദ് ആദ്യം ധരിച്ചിരുന്നത്. എന്നാൽ തങ്ങളുടെ കൈവശം കഞ്ചാവുള്ളത് അറിയാമായിരുന്ന ഏക വ്യക്തിയായ സമ്പത്താണ് പൊലീസിന് വിവരം നൽകിയതെന്നാണ് സജാദ് സംശയിച്ചിരുന്നത്. ഇതേക്കുറിച്ച് ചോദിക്കാനാണ് രണ്ടു പേരും സമ്പത്തിന്റെ വീട്ടിലെത്തിയത്. തുടർന്നുള്ള ചർച്ചയിൽ താനാണ് പൊലീസിന് വിവരം നൽകിയതെന്ന് സമ്പത്ത് സമ്മതിക്കുകയായിരുന്നെന്നാണ് ഇവർ പൊലീസിന് നൽകിയതായി പറയുന്ന കുറ്റസമ്മത മൊഴിയിൽ പറയുന്നത്.

തുടർന്ന് ഇരുവരും ചേർന്ന് സമ്പത്തിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പിൻവശം അടുക്കള വാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കുത്തി വീഴ്‌ത്തുകയായിരുന്നു. മുഖം തിരിച്ചറിയാനാവാത്ത വിധം കുത്തിക്കീറി വികൃതമാക്കി. തുടർച്ചയായ ആക്രമണത്തിനിടെയാണ് സനൽ മുഹമ്മദിന്റെ കൈക്ക് പരിക്കേറ്റത്. തുടർന്ന് രണ്ടു പേരും ഓടി രക്ഷപ്പെടുകയായിരുന്നു.