കൊച്ചി: ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമസംഭവങ്ങളിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി. കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. സമീപകാലത്ത് ഡോക്ടർമാർക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതിയുടെ നിർദ്ദേശം. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം അവരുടെ മനോവീര്യം തകർക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപതികളുടെ കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമർശം.

ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന കേസുകളിൽ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആശുപത്രി ഉടമകൾ ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവർത്തകരെ മർദിച്ചതായി കാണിച്ച് 228 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു. ഇതിൽ 25 എണ്ണത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. അതേസമയം, ഇതു ഞെട്ടിക്കുന്ന കണക്കാണെന്നും ആരോഗ്യപ്രവർത്തകർക്കു സംരക്ഷണം നൽകാൻ ഡിജിപി ഇടപെടണമെന്നും കോടതി നിർദ്ദേശിച്ചു.

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ ലാഘവത്തോടെയാണോ കാണുന്നതെന്നു കോടതി ചോദിച്ചു. ഇത്തരത്തിൽ പരാതി ലഭിച്ചാലുടൻ നടപടി എടുക്കണം. കാലതാമസം പാടില്ല. അന്വേഷണം കാര്യക്ഷമമാണെന്ന് ഡിജിപി ഉറപ്പു വരുത്തണം. പൊലീസ് ഇടപെടൽ ജില്ലാ പൊലീസ് മേധാവികൾ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.