തിരുവനന്തപുരം: കൈക്കൂലി കേസിൽ റിമാന്റിൽ കഴിയുന്ന വാട്ടർ അഥോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജാമ്യമില്ല. തലസ്ഥാനത്തെ വിജിലൻസ് കോടതിയാണ് പ്രതിയുടെ ജാമ്യഹർജി തള്ളിയത്. വിജിലൻസ് ഓഫീസിൽ വച്ച് കരാറുകാരന് ഫിനോഫ്തലിൻ പൊടി വിതറി നോട്ടു നമ്പരുകൾ സഹിതം എൻട്രസ്റ്റ്‌മെന്റ് മഹസറിൽ രേഖപ്പെടുത്തി നൽകിയ അതേ പണമാണ് പ്രതിയിൽ നിന്ന് രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥ സാക്ഷികളുടെ സാന്നിധ്യത്തിൽ വിജിലൻസ് കണ്ടെടുത്തതെന്ന് കോടതി വിലയിരുത്തി.

അറസ്റ്റ് ചെയ്യുന്ന വേളയിൽ പ്രതിയുടെ കൈവിരലുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറിയത് കൈക്കൂലിപ്പണം പ്രതി കൈപ്പറ്റിയതിനുള്ള ശാസ്ത്രീയമായ തെളിവാണ്. പ്രതിയുടെ ഓഫീസിൽ വച്ച് പ്രതിയിൽ നിന്നും കെണിപ്പണം കണ്ടെടുത്ത് തയ്യാറാക്കിയ റിക്കവറി മഹസറിലും വിജിലൻസ് ഓഫീസിൽ വച്ച് പ്രതി ആവശ്യപ്പെടുമ്പോൾ നൽകണമെന്ന് നിർദ്ദേശിച്ച് പരാതിക്കാരന് നൽകിയ അതേ നോട്ടു നമ്പരുകളാണ് വന്നിട്ടുള്ളത്.

ട്രാപ്പിന് മുന്നോടിയായുള്ള നടപടികൾ വിജിലൻസ് ഉദ്യോഗസ്ഥർ പാലിച്ചതായും കോടതി നിരീക്ഷിച്ചു. പൊതുസേവകനായ പ്രതിക്കെതിരെയുള്ള ആരോപണം ഗൗരവമേറിയതാണ്. അന്വേഷണം പ്രാരംഭ ദിശയിലായതിനാൽ പ്രതിക്ക് ജാമ്യത്തിനർഹതയില്ലെന്നും വ്യക്തമാക്കിയാണ് വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി എം.ബി. സ്‌നേഹലത പ്രതിക്ക് ജാമ്യം നിരസിച്ചത്. പ്രതിയായ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശിക്കാണ് ജാമ്യം നിരസിച്ചത്. കരാറുകാരന്റെ ബിൽ തുക മാറി നൽകാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയ കേസിലാണ് സെപ്റ്റംബർ 14 ന് ഉച്ചയോടെ എഞ്ചിനീയർ അറസ്റ്റിലായത്. തൽസമയം കോടതിയുടെ സെർച്ച് വാറണ്ട് ഉത്തരവ് പ്രകാരം എഞ്ചിനീയറുടെ വീട് റെയ്ഡ് ചെയ്ത തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഒരു ലക്ഷത്തിലധികം രൂപ കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കി.

2017-18 ലെ അമൃതം പദ്ധതി കരാർ പ്രകാരം ശ്രീകാര്യം ചെക്കാലമുക്ക് മുതൽ സൊസൈറ്റി മുക്ക് വരെ പൈപ്പുകൾ മാറ്റിയ വർക്കിന്റെ ബിൽ തുക മാറി നൽകാൻ എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയെന്നാണ് കേസ്. 15 ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു