- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതി നേടിയത് ഹോട്ടൽ പണിയാൻ; കെട്ടിയത് റോപ് വെ; പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിക്കണമെന്ന് ഓംബുഡ്‌സ്മാൻ
കോഴിക്കോട്: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉത്തരവിട്ടു. പൊളിച്ചുനീക്കി നടപടിക്രമങ്ങൾ നവംബർ 30തിന് റിപ്പോർട്ട് ചെയ്യാണ് ഊർങ്ങാട്ടീരി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. നിലമ്പൂർ സ്വദേശി എംപി വിനോദിന്റെ പരാതിയിലാണ് നടപടി. അനുമതിയില്ലാതെയാണ് നിർമ്മാണമെന്ന് കണ്ടെത്തി നാലു വർഷം കഴിഞ്ഞിട്ടും പഞ്ചായത്ത്് നടപടിയെടുക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് ഓംബുഡ്‌സമാൻ വ്യക്തമാക്കി. പൊളിച്ചുനീക്കാൻ പഞ്ചായത്ത് സെക്രട്ടറി മൂന്നു മാസം സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അൻവർ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ പെർമിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിർമ്മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് എംപി വിനോദ് പരാതി നൽകിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല. അഴിമതി നടത്തി റോപ് വെ പണിയാൻ നിയമവിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ഇക്കാര്യങ്ങൾ വ്യക്തമാക്കി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനെ സമീപിച്ചത്.
ഉരുൾപൊട്ടലിനെ തുടർന്ന് കോഴിക്കോട് കളക്ടർ അടച്ചുപൂട്ടിയ പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടർതീം പാർക്കിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ്വെയും.
വനഭൂമിയോട് ചേർന്ന് റോപ് വെയും ടൂറിസം പദ്ധതിയും വരുന്നത് വനത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് നേരത്തെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ, പെരിന്തൽമണ്ണ സബ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിവാദതടയണപൊളിച്ചുനീക്കാനുള്ള മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയിൽ അനുമതിയില്ലാതെ ഒരു നിർമ്മാണവും ഇവിടെ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് ഒരു വർഷവും മൂന്നുമാസം കഴിഞ്ഞിട്ടും സ്റ്റേ നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഊർങ്ങാട്ടിരി പഞ്ചായത്ത് റോപ് വെ പൊളിക്കാതിരുന്നത്. പരാതിക്കാരൻ ഹൈക്കോടതി ഉത്തരവ് കൂടി ഹാജരാക്കിയതോടെയാണ് രോപ് വെ പൊളിക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടത്.