തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേൽ വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. നവംബർ 1 ന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണുത്തരവ്.

ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെൺ സുഹൃത്തുമായ വഫാ നജീമും തിങ്കളാഴ്ച കോടതിയിൽ ഹാജരായില്ല. കീഴ്‌ക്കോടതിയിൽ നിന്നും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 207 പ്രകാരം വിചാരണയിൽ പോസിക്യൂഷൻ ആശ്രയിക്കുന്ന രേഖകളുടെ പകർപ്പുകിട്ടിയോയെന്ന കോടതിയുടെ ചോദ്യത്തിന് ലഭിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകർ ബോധിപ്പിച്ചു.

തുടർന്ന് നവംബർ 1 ന് രണ്ടു പ്രതികളും ഹാജരാകാനും സെഷൻസ് ജഡ്ജി മിനി. എസ്. ദാസ് ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്.