തിരുവനന്തപുരം: തലസ്ഥാനത്തെ കോർപ്പറേഷൻ ഓഫീസിൽ നിന്നും 26 ലക്ഷത്തിന്റെ പണാപഹരണം നടത്തിയ കേസിൽ പ്രതിയായ നേമം മേഖലാ ഓഫീസ് സൂപ്രണ്ട് എസ്. ശാന്തിക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണ കുമാറിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പൊതു സേവകയായ പ്രതി ഗൗരവമേറിയ കൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. പ്രതിയെ കൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രാമാണിക തെളിവുകൾ കേസ് ഡയറി പരിശോധിച്ചതിൽ വ്യക്തമാകുന്നുണ്ട്. പ്രതിയുടെയും കൂട്ടു പ്രതികളായ ക്യാഷ് കൈകാര്യം ചെയ്ത സഹപ്രവർത്തകരുടെയും പങ്കും പങ്കാളിത്തവും വ്യക്തമാകുന്നുണ്ട്.

ജാമ്യം നൽകി സ്വതന്ത്രയാക്കിയാൽ സുഗമമായ അന്വേഷണത്തിന് വിഘാതമുണ്ടാകും. തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി മൊഴി തിരുത്തിക്കാനും സാദ്ധ്യതയുണ്ട്. ചതിച്ചെടുത്ത പണം വീണ്ടെടുത്ത് ആഴത്തിലുള്ള അന്വേഷണം നടത്താൻ പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും നീരീക്ഷിച്ചാണ് ജഡ്ജി പി.കൃഷ്ണകുമാർ മുൻകൂർ ജാമ്യം നിരസിച്ചത്.

ഒരു വർഷം കൊണ്ടുള്ള തട്ടിപ്പ് കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. മേലുദ്യോഗസ്ഥരാരും ദൈനം ദിന ഇന്റേണൽ ആഡിറ്റിൽ കൃത്യം കണ്ടു പിടിക്കാത്തതിൽ ദുരൂഹതയുണ്ട്. ഇന്റേണൽ ഓഡിറ്റിൽ കൃത്യം കണ്ടു പിടിക്കാത്തതാണ് കുറ്റകൃത്യത്തിന്റെ ആഴവും വ്യാപ്തവും കൂടാനിടയായത്. ഒരു ജീവനക്കാരിക്ക് മാത്രമായി ഒറ്റക്ക് ഇത്തരം കൃത്യങ്ങൾ ഒരാഫീസിൽ ചെയ്യാൻ സാധിക്കില്ലെന്നും അനുമാനിച്ചാണ് മുൻകൂർ ജാമ്യഹർജി തള്ളിയത്.

ഓഫീസിലെ ഒടുക്ക് വരവ് ബാങ്കിലടക്കാതെ അപഹരിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത കേസിൽ മുഖ്യ പ്രതിയായ നേമം മേഖലാ ഓഫീസ് സൂപ്രണ്ട് എസ്. ശാന്തിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്. നേമം പൊലീസ് സ്റ്റേഷനിൽ നിന്നും കേസ് ഡയറിയും പൊലീസ് റിപ്പോർട്ടും ഒക്ടോബർ 6 ന് ജില്ലാ കോടതി വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു. മുഖ്യ പ്രതി ശാന്തിയെ കേസുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ കേസ് ഡയറി ഫയലിൽ അടയാളപ്പെടുത്തി മാർക്ക് ചെയ്തു നൽകാൻ പബ്ലിക് പ്രോസിക്യൂട്ടറോട് നിർദേശിച്ച് കോടതി സി ഡി ഫയൽ പി പി ക്ക് തിര്യെനൽകി. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ. ഹക്കിം പ്രതിയെ കുത്യവുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് സി ഡി ഫയൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു.

മേഖല ഓഫീസിലെ ഒടുക്ക് വരവ് ബാങ്കിലടക്കാതെ തട്ടിയെടുത്തെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. സൂപ്രണ്ട് ശാന്തിയേയും ക്യാഷിയറുടെ ചുമതലയുണ്ടായിരുന്ന സുനിതയേയും സസ്‌പെന്റ് ചെയ്തിരുന്നു. എന്നാൽ പൊലീസിനോ വിജിലൻസിലോ പരാതി നൽകാതെ കോർപ്പറേഷൻ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധ സമരങ്ങൾക്കൊടുവിലാണ് നേമം സ്റ്റേഷനിൽ പരാതിപ്പെട്ട് കേസെടുത്തത്.

ശ്രീകാര്യം പൊലീസ് സമാന സ്വഭാവമുള്ള കേസ് മുമ്പെടുത്തിരുന്നു. 5, 12,785 രൂപയാണ് ഇവിടെ നിന്നും നഷ്ടമായത്. രണ്ടു പേരെ സസ്‌പെന്റും ചെയ്തിരുന്നു. ഉള്ളൂർ, ആറ്റിപ്ര മേഖല ഓഫീസുകളിലും 1,10, 000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഓഡിറ്റ് വകുപ്പിന്റെ കോർപ്പറേഷൻ തല വിഭാഗം അഞ്ച് മേഖല ഓഫീസുകളിൽ നടത്തുന്ന പരിശോധന പുരോഗമിച്ചു വരികയാണ്. ശ്രീകാര്യത്ത് തട്ടിപ്പു കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന തുടങ്ങിയത്.