തിരുവനന്തപുരം: കാൽ ലക്ഷത്തിന്റെ കൈക്കൂലി ട്രാപ്പ് കേസിൽ ഗവ. സെക്രട്ടറിയേറ്റ് പി ആർ ഡി ഓഫീസറെ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്ത് ജില്ലാ ജയിലിലടച്ചു. വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി എം. ബി. സ്‌നേഹലതയാണ് പി ആർ ഡി ഓഡിയോ വീഡിയോ ഓഫീസറായ വിനോദ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ബിൽ തുക മാറി നൽകാൻ 25,000 രൂപ കൈക്കൂലി വാങ്ങവേയാണ് ഒക്ടോബർ 27 ന് പ്രതി കൈക്കൂലി ട്രാപ്പ് കേസിൽ അറസ്റ്റിലായത്.

സംസ്ഥാന സർക്കാരിന് കീഴിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് (പി ആർ ഡ) ഓൺലൈൻ റേഡിയോ പരിപാടികൾ കൈകാര്യം ചെയ്യുന്ന ഓഫീസറാണ് പ്രതി. സർക്കാരിന് വേണ്ടി പരിപാടികൾ നിർമ്മിച്ചു നൽകുന്ന സ്വകാര്യ സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകൾ ചെയ്ത് നൽകിയ വകയിൽ 21 ലക്ഷം രൂപയുടെ ബിൽ തുക മാറിക്കിട്ടാനുണ്ടായിരുന്നു. തുകയ്ക്കായി സ്ഥാപന ഉടമ പലവട്ടം പ്രതിയെ സമീപിച്ചെങ്കിലും ബിൽ തുക മാറി നൽകിയില്ല. ഒടുവിൽ 15 % കമ്മീഷൻ തുകയായ 3.75 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിലപേശലിൽ ആദ്യ ഗഡുവായി 25,000 രൂപ നൽകാമെന്ന് ഉടമ സമ്മതിച്ചു. എന്നാൽ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് പൊലീസ് വിജിലൻസ് ഓഫീസിൽ വച്ച് ഫിനോഫ്തലിൻ പൊടി വിതറിയ നോട്ടുകൾ നമ്പർ സഹിതം രേഖപ്പെടുത്തി എൻട്രസ്റ്റ്‌മെമെന്റ് മഹസറിൽ വിവരിച്ച് പരാതിക്കാരനെ ഏൽപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം കാറിൽ വെച്ച് കെണിപ്പണം വാങ്ങുകയായിരുന്നു. കെണിപ്പണം പ്രതി കൈപ്പറ്റിയതായ സിഗ്‌നൽ നൽകിയ ഉടൻ വിജിലൻസ് സംഘം കാർ വളഞ്ഞ് പ്രതിയോട് വിജിലൻസ് കൊണ്ടുവന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ പ്രതിയുടെ കൈവിരലുകൾ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. കൈക്കൂലിയായ കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.