- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒത്തു കളിയിലൂടെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ സംഭവം: ഹാഷിഷ് കള്ളക്കടത്ത് കേസിൽ മൂർഖൻ ഷാജിക്ക് അറസ്റ്റ് വാറണ്ട് വീണ്ടും; കൂട്ടുപ്രതി രാജേഷിനെ ഹാജരാക്കാനും കോടതി നിർദ്ദേശം

തിരുവനന്തപുരം : സർക്കാർ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ കേസന്വേഷണ ഘട്ടമായ ക്രൈം സ്റ്റേജിൽ ജാമ്യം നേടിയ ശേഷം സുപ്രീം കോടതി ഉത്തരവ് പ്രകാരം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് കൽ തുറുങ്കിലായ ശേഷം റിലീസായ ഹാഷിഷ് കേസിലെ ഒന്നാം പ്രതി ലഹരി മാഫിയാ തലവൻ അടിമാലിക്കാരൻ മൂർഖൻ ഷാജിയെ ഡിസംബർ 9 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ തലസ്ഥാനത്തെ ജില്ലാ കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. ഷാജിയെ അറസ്റ്റ് ചെയ്യാൻ എക്‌സൈസ് കമ്മീഷണറോടും സ്ഥാവരജംഗമ സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടു കെട്ടാൻ വില്ലേജ് ഓഫീസർമാരോടുമാണ് കോടതി ഉത്തരവിട്ടത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകളായ 82 , 83 പ്രകാരമാണ് കോടതി നടപടിയെടുത്തത്. ഷാജിയുടെ കൂട്ടുപ്രതിയായ രാജേഷിനെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി കെ. ലില്ലി ഉത്തരവിട്ടു.
കേസ് ആറുമാസത്തിനകം തീർപ്പു കൽപ്പിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഹൈക്കോടതി ഇറക്കിയ ഔദ്യോഗിക മെമോറാണ്ട ഉത്തരവിന്റെ വെളിച്ചത്തിൽ കേസ് സ്വമേധയാ അഡ്വാൻസ് ചെയ്ത് പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ജില്ലാ കോടതി 2020 മെയ് മാസത്തിൽ ഉത്തരവിട്ടിരുന്നു. വീഡിയോ കോൺഫറൻസിങ് വഴിയല്ലാതെ പ്രതികളെ ജൂൺ 18 ന് നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 267 പ്രകാരമാണ് കോടതി ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയച്ചത്.
വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തുന്നതിലേക്കായാണ് പ്രതികളെ കോടതി വിളിച്ചു വരുത്തിയത്. കോവിഡ് പ്രോട്ടോക്കോൾ കാരണം വിചാരണ നീണ്ട സാഹചര്യത്തിൽ ജയിലിൽ നിന്നും റിലീസായ പ്രതി കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി മുങ്ങുകയായിരുന്നു.
ഒത്തുകളി ജാമ്യത്തിലൂടെ ജയിൽ മോചിതരായ പ്രതികളുടെ ജാമ്യം തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2020 ഫെബ്രുവരി 7 ന് റദ്ദാക്കി. ഒന്നേ മുക്കാൽ കോടി രൂപയുടെ തിരുവനന്തപുരം സിറ്റി ഹാഷിഷ് ഓയിൽ കള്ളക്കടത്ത് കേസിൽ ഒന്നാം പ്രതി അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അടിമാലി സ്വദേശി മൂർഖൻ ഷാജി , കടത്തു സംഘാംഗവും മൂന്നാം പ്രതിയുമായ രാജേഷ് എന്നിവരുടെ ജാമ്യ ബോണ്ടാണ് റദ്ദാക്കിയത്. ഇരുവരെയും അറസ്റ്റ് ചെയ്യാൻ അന്നത്തെ ജഡ്ജി സിജു ഷെയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം അസി.എക്‌സൈസ് കമ്മീഷണറോടാണ് വാറണ്ടുത്തരവ് നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ വീണ്ടും ഇരുമ്പഴിക്കുള്ളിലാവുകയായിരുന്നു.
2018 ലാണ് തിരുവനന്തപുരം സിറ്റിയിൽ നിന്ന് മൂർഖൻ ഷാജിയടക്കം മൂന്നു പേരെ വിപണിയിൽ ഒന്നേമുക്കാൽ കോടി രൂപ വിലമതിക്കുന്ന 1.8 കിലോ ഹാഷിഷ് ലഹരിമരുന്ന് തൊണ്ടി മുതലടക്കം എക്‌സൈസ്പിടികൂടിയത്. മുൻ ശിക്ഷാ പ്രതിയായ മെൽബിൻ , രാജേഷ് എന്നിവരാണ് ഷാജിക്കൊപ്പം പിടിയിലായത്. അന്നു മുതൽ പ്രതികൾ റിമാന്റിലായിരുന്നു.

