- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവൻ രക്ഷാ മരുന്നിന് അമിത വില ഈടാക്കിയ കേസ്: ആശുപത്രി ഉടമക്കെതിരായ കേസിൽ സാക്ഷികൾ ഹാജരാകാൻ ഉത്തരവ്

തിരുവനന്തപുരം: ജീവൻ രക്ഷാ മരുന്നിന് അമിത വില ഈടാക്കിയ ആശുപത്രി ഉടമക്കെതിരായ കേസിൽ സാക്ഷികൾ ഡിസംബർ 8 ന് ഹാജരാകാൻ തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. സിപ്ലോക്‌സ് 100 മി.ലി. ഇൻട്രാവെനസ് (ഞെരമ്പിലൂടെ ചെലുത്തുന്ന) ഇൻജക്ഷൻ മരുന്നിന് അമിത വില ഈടാക്കിയ കേസിലാണ് വിചാരണ ആരംഭിച്ചത്. തിരുവനന്തപുരം അമ്പലത്തറ എസ്. ആർ. ഹോസ്പിറ്റൽ ആൻഡ് സർജിക്കൽ സെന്റർ ഉടമ ഡോ.എം.സി. രാജ് കുമാർ ആണ് കേസിലെ പ്രതി.
തിരുവനന്തപുരം ഡ്രഗ്‌സ് കൺട്രോളർ ഓഫീസ് ഡ്രഗ്‌സ് ഇൻസ്‌പെക്ടർ സമർപ്പിച്ച പരാതിയിലാണ് കോടതി കേസെടുത്തത്.1955 ൽ നിലവിൽ വന്ന അവശ്യ സാധന നിയമത്തിലെ 3 , 7 വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിക്കെതിരെ കേസെടുത്തത്. പൊലീസ് റിപ്പോർട്ടിന്മേലല്ലാതെയുള്ള സ്വകാര്യ അന്യായപ്രകാരമെടുത്ത കേസായതിനാൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രീ ചാർജ് തെളിവെടുപ്പാണ് കോടതിയിൽ പുരോഗമിക്കുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 244 പ്രകാരമാണ് പ്രീ ചാർജു വിചാരണ നടക്കുന്നത്. ഡ്രഗ്‌സ് ഇൻസ്‌പെക്ടർ എം. എസ്. സജീവ് കുമാറാണ് സ്വകാര്യ അന്യായം കോടതിയിൽ സമർപ്പിച്ചത്.
2011 ജനുവരി 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനിക്ക് കിടത്തി ചികിത്സിച്ചിരുന്ന കൊഞ്ചിറ വിള സ്വദേശിക്കായി വാങ്ങിയ കുത്തിവയ്പ് മരുന്നിനാണ് അമിത വില ഈടാക്കിയത്. 100 മി.ലി. സിപ്ലോക്‌സ് ഇൻജക്ഷന്റെ 2 ബോട്ടിൽ മരുന്നിന് 180 രൂപയാണ് ഈടാക്കിയത്. പരമാവധി ചില്ലറ വിൽപ്പന വില 110 രൂപ ആണെന്നിരിക്കെയാണ് 70 രൂപ അമിതമായി വാങ്ങിയത്. ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഇൻജക്ഷൻ മരുന്ന് , കാർബൺ കോപ്പിയുള്ള ബിൽ ബുക്ക് , അസ്സൽ പർച്ചേസ് റെക്കോഡ് എന്നിവ ഹോസ്പിപിറ്റലിൽ നിന്നും പിടിച്ചെടുത്ത് മഹസർ പ്രകാരം കോടതിയിൽ തൊണ്ടിയായി ഹാജരാക്കുകയായിരുന്നു. പരിശോധനയിൽ ലേബലിൽ പതിച്ച വിലയേക്കാൾ ഉയർന്ന വില മറ്റു പലരിൽ നിന്നും ഈടാക്കിയതായി കണ്ടെത്തി.
തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ഹാജരാക്കിയ ആശുപത്രി കെട്ടിടത്തിന്റെ ഒക്കുപെൻസി സർട്ടിഫിക്കറ്റ് , മുൻസിപ്പൽ ലൈസൻസ് തുടങ്ങി 17 റെക്കോർഡുകൾ' പ്രാമാണിക രേഖകളായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ആശുപത്രി ഉടമ 1995 ൽ നിലവിൽ വന്ന ഡ്രഗ്‌സ് പ്രൈസ് കൺട്രോൾ വകുപ്പ് 14 (4) , 20 (3) എന്നിവ ലംഘിച്ചതായും ഡ്രഗ്‌സ് ഇൻസ്‌പെക്ടർ കോടതിയിൽ സമർപ്പിച്ച പരാതിയിലുണ്ട്.

