- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനാ കേസ്: സിബി മാത്യൂസിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ തനിക്കു മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ സമയപരിധി നിശ്ചയിച്ചതിനെതിരെ മുൻ ഡിജിപി സിബി മാത്യൂസ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
നാലാം പ്രതിയായ സിബി മാത്യൂസിനു വിചാരണക്കോടതി 60 ദിവസത്തെ മുൻകൂർ ജാമ്യമാണ് അനുവദിച്ചത്. മുൻകൂർ ജാമ്യത്തിന് ഇത്തരത്തിൽ സമയപരിധി വയ്ക്കാനാകില്ലെന്നു പറഞ്ഞാണ് സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ സെഷൻസ് കോടതികൾക്ക് പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെ സമയപരിധി നിശ്ചയിക്കാൻ അധികാരമുണ്ടെന്നും സമയം നീട്ടിക്കിട്ടാൻ ഹർജിക്കാരൻ വിചാരണക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സിബിഐയ്ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു.
കേസിലെ മറ്റു പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ സമയപരിധി വച്ചിട്ടില്ലെന്നു ഹർജിക്കാരനും വാദിച്ചു. തുടർന്നാണ് ജസ്റ്റീസ് കെ. ഹരിപാൽ ഹർജി വിധി പറയാൻ മാറ്റിയത്. സിബി മാത്യൂസിന് അനുവദിച്ച മുൻകൂർ ജാമ്യത്തിന്റെ കാലാവധി ഹർജിയിൽ വിധി പറയുന്നതുവരെ നീട്ടി.
മറുനാടന് മലയാളി ബ്യൂറോ