കൊച്ചി: തലശേരി ഫസൽ വധക്കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണെമെന്നു സിബിഐ കൊച്ചിയിലെ പ്രത്യക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപോർട്ടിൽ ആവശ്യപ്പെട്ടു. കേരള പൊലീസിലെ ഡിവൈഎസ്‌പിമാരായ പി.പി. സദാനന്ദൻ, പ്രിൻസ് ഏബ്രഹാം, സിഐ കെ.പി. സുരേഷ് ബാബു എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് റിപോർട്ടിലെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിനു കൈമാറിയിട്ടുണ്ടെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

ഫസൽ വധക്കേസിനു പിന്നിൽ ആർഎസ്എസ് ആണ് എന്നാണ് മറ്റൊരു വധകേസിലെ പ്രതിയായ സുബീഷിന്റെ മൊഴിയിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചത്. ഫസലിന്റെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നു നടത്തിയ തുടരന്വേഷണത്തിൽ സിപിഎം നേതാക്കളുൾപ്പെടെയുള്ളവർ തന്നെയാണ് പ്രതികളെന്നു സിബിഐ ആവർത്തിക്കുകയായിരുന്നു. സിബിഐ ആർഎസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന വാദം തള്ളുകയും കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവർ തന്നെയാണ് പ്രതികളെന്ന് വ്യക്തമാക്കുകയും ചെയ്തു.

വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് ഈ മൊഴി രേഖപ്പെടുത്തി എന്നതാണ് സിബിഐ കണ്ടെത്തൽ. ഇതിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സിബിഐ വ്യക്തമാക്കുന്നു. നാലുപേർ ഒരു ബൈക്കിൽ പോയി കൃത്യം ചെയ്തുവെന്ന സുബീഷിന്റെ മൊഴി അംഗീകരിക്കാനാവാത്തതാണെന്നും സിബിഐ വ്യക്തമാക്കി.