- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാന്റ് ടെക് ബിൽഡറെ ചതിച്ച് അരക്കോടി തട്ടിയെടുത്ത സോളാർ തട്ടിപ്പ് കേസ്; വിചാരണ അട്ടിമറിക്കാൻ ശ്രമിച്ച മെഡിക്കൽ കോളേജ് സി ഐ ക്ക് കോടതിയുടെ ശാസന; മാപ്പിരന്ന് സിഐ

തിരുവനന്തപുരം: തലസ്ഥാനത്തെ ബിൽഡറെ വഞ്ചിച്ച് അരക്കോടി രൂപ തട്ടിച്ചെടുത്ത സോളാർ തട്ടിപ്പ് കേസ് വിചാരണ അട്ടിമറിക്കാനായി സാക്ഷികളെ ഹാജരാക്കാത്ത സിറ്റി മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടറെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി രൂക്ഷമായി ശാസിച്ചു.
വിചാരണക്ക് സാക്ഷികളെ ഹാജരാക്കാൻ 3 തവണ ആവശ്യപ്പെട്ടിട്ടും സമൻസ് ഉത്തരവ് നടപ്പിലാക്കാതെയും കാരണം വിശദമാക്കി സമൻസുത്തരവ് മടക്കി നൽകാതെയും വിചാരണ അട്ടിമറിക്കാൻ ശ്രമിച്ചതിന് സിഐക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി കോടതി കാരണം കാണിക്കൽ മെമോ നൽകിയിരുന്നു.
തുടർന്ന് ഹാജരായ സി ഐ കോടതിയിൽ മാപ്പിരന്ന് കൊണ്ട് വിശദീകരണവും മാപ്പപേക്ഷയും ബോധിപ്പിക്കുകയായിരുന്നു. വിചാരണ തടസ്സപ്പെടുത്തുന്ന പ്രവണത മേലിൽ ആവർത്തിക്കരുതെന്ന് സിഐ ക്ക് താക്കീത് നൽകിയ അഡീ. സി ജെ എം വിവിജാ രവീന്ദ്രൻ ഡിസംബർ 1ന് സാക്ഷികളെ ഹാജരാക്കാൻ സി ഐ ക്ക് അന്ത്യശാസനം നൽകി. പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിക്കാനുള്ള 2 സാക്ഷികളെ ഹാജരാക്കാൻ നിർദേശിച്ച് 2021 മെയ് 27 , ഓഗസ്റ്റ് 10 , ഓഗസ്റ്റ് 26 എന്നീ തീയതികളിൽ വിചാരണ വച്ചിട്ടും സി ഐ ഉത്തരവ് അവഗണിച്ചതിനാണ് കോടതി മെമോ നൽകിയത്. രണ്ടാഴ്ച മുമ്പ് കാറ്റാടി വൈദ്യുതി യന്ത്ര തട്ടിപ്പുകേസിൽ ഒന്നാം പ്രതിയായ സരിതാ നായരെ അറസ്റ്റ് ചെയ്യാത്തതിന് വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതി മെമോ നൽകിയതിന് പിന്നാലെ സരിത കോടതിയിൽ കീഴടങ്ങിയിരുന്നു.
ടീം സോളാർ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ആർ.ബി.നായർ എന്ന് ആൾമാറാട്ടം നടത്തിയ ബിജു രാധാകൃഷ്ണൻ (50) , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലക്ഷ്മി നായരെന്ന് ആൾമാറാട്ടം നടത്തിയ സരിത എസ്.നായർ ( 41) എന്നിവരാണ് കേസിൽ നിലവിൽ വിചാരണ നേരിടുന്ന രണ്ട് പ്രതികൾ. 3 സാക്ഷികളെ ഇതിനോടകം കോടതി വിസ്തരിച്ചിരുന്നു. നാലും അഞ്ചും സാക്ഷികളെ ഹാജരാക്കാതെയാണ് സി ഐ വിചാരണ അട്ടിമറിക്കാൻ ശ്രമം നടത്തിയത്.
തലസ്ഥാന നഗരത്തിലെ കേശവദാസപുരം ഗ്രാന്റ് ടെക് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന കെട്ടിട നിർമ്മാണ കമ്പനി എം. ഡിയും ഉടമയുമായ സലിം. എം. കബീറാണ് തട്ടിപ്പിനിരയായത്. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം കരസ്ഥമാക്കി ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ വൈദ്യുതി ബോർഡിന്റെ അമിത ബിൽ തുക കുറക്കാൻ ബിൽഡറുടെ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിട സമുച്ചയങ്ങളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോ. ആർ.ബി. നായരെന്നും ലക്ഷ്മി നായരെന്നും ആൾമാറാട്ടം നടത്തിയും വ്യാജ രേഖകൾ കാട്ടിയും തെറ്റിദ്ധരിപ്പിച്ച് സലിമിൽ നിന്നും നാൽപ്പത് ലക്ഷത്തി അമ്പതിനായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി മാറിയെടുത്ത ശേഷം വാഗ്ദാനം ചെയ്ത സോളാർ പ്ലാന്റ് സ്ഥാപിച്ചു നൽകുകയോ പണം തിര്യെ നൽകുകയോ ചെയ്യാതെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.
2009 ൽ സലിമിന്റെ പരാതിയിൽ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസാണ് കേസ് എടുത്തത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി 2013 ഒക്ടോബർ 17 നാണ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120- ബി (കുറ്റകരമായ ഗൂഢാലോചന), 419 (ആൾമാറാട്ടം വഴി ചതിക്കൽ) , 420 ( വഞ്ചന ) , 467 (മൂല്യമുള്ള ഈടിന്റെ വ്യാജ നിർമ്മാണം) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 472 (കപടാനുകരണം നടത്തി ഉണ്ടാക്കിയ മുദ്ര കൈവശം വെക്കൽ) , 34 ( കൂട്ടായ്മ) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് വിചാരണ നടക്കുന്നത്.

