കൊച്ചി: നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതി. നോക്കുകൂലി വാങ്ങുന്നവർക്കെതിരേ കേസെടുക്കണമെന്നും ഇതു സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നും ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ട്രേഡ് യൂണിയൻ തീവ്രവാദം തടയണം എന്നും കോടതി പറഞ്ഞു. ലോകത്ത് ആരും കേൾക്കാത്ത രീതിയാണ് കേരളത്തിലുള്ളത്. വെറുതെ നോക്കി നിന്നാൽ കൂലി. നോക്ക്കൂലി വാങ്ങുന്നത് പണാപഹരണം ആയി കാണേണമെന്നും കോടതി കൂട്ടിച്ചേർത്തു.

കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നോക്കുകൂലി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നൽകണമെന്നും നിയമഭേദഗതി സംബന്ധിച്ച പുരോഗതി അറിയിക്കാനും കോടതി നിർദ്ദേശിച്ചു.