കൊച്ചി: സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടിരുന്നതെന്നും കോടതി വ്യക്തമാക്കി. പുതിയ മദ്യവിൽപനശാലകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് വി എം. സുധീരൻ നൽകിയ ഹർജിയിലാണ് കോടതിയുടെ വിശദീകരണം.

സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്‌നം. മദ്യശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെട്ടത്. മദ്യപിക്കാൻ ആഗ്രഹിക്കുന്നവരോട് മദ്യപിക്കരുതെന്ന് പറയാൻ കോടതിക്കാകില്ലെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.