തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും വനിതാ കമ്മീഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകൾ നൽകിയെന്ന പരാതിയിൽ ഷാഹിദ കമാലിന് ലോകായുക്ത വിമർശനം. ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതകൾ എവിടെ എന്ന് ലോകായുക്ത ചോദിച്ചു. സത്യസന്ധത ബോദ്ധ്യപ്പെടണമെങ്കിൽ രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടു.

ഷാഹിദയുടെ സ്ത്രീ ശാക്തീകരണം ഖസാക്കിസ്ഥാൻ സർവകലാശാല എങ്ങനെ അറിഞ്ഞുവെന്നും കോടതി ചോദിച്ചു. സർവകലാശാലയുടെ കേരളത്തിലുള്ള ഒരു പ്രതിനിധിയുടെ ശുപാർശ പ്രകാരമാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് അഭിഭാഷകൻ മറുപടി നൽകിയത്. എന്നാൽ, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളൊന്നും കോടതിയിൽ ഷാഹിദയുടെ അഭിഭാഷകൻ ഹാജരാക്കിയിട്ടില്ല. തുടർന്നാണ് കോടതി സർട്ടിഫിക്കറ്റുകൾ ചോദിക്കുന്നത്. അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും പറഞ്ഞിട്ടുണ്ട്.

വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് ഷാഹിദയ്ക്ക് എതിരെ പരാതി നൽകിയിരിക്കുന്നത്. ഡോക്‌റേറ്റ് സംബന്ധിച്ച് സാമൂഹിക നീതിവകുപ്പും, ഷാഹിദ കമാലും പരസ്പര വിരുദ്ധമായ സത്യവാങ്മൂലമാണ് നൽകിയിരിക്കുന്നത്. ഡിഗ്രിയും പിജിയും ഖസാക്കിസ്ഥാൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റുമാണ് തനിക്കുള്ളതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്. എന്നാൽ, സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമപ്രകാരം വിയറ്റ്നാം യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റെന്നാണ് പറയുന്നത്. അടുത്തമാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

വ്യാജ ഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളുമായി ഷാഹിദ കമാൽ നേരത്തെ രംഗത്തെത്തിയിരുന്നു. ഖസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്. സാമൂഹിക രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം.

തന്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുകളുണ്ടെന്നും വനിതാ കമ്മീഷനിൽ ഷാഹിദാ കമാൽ സമ്മതിച്ചിട്ടുണ്ട്. 2009 ലും 2011ലും തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വച്ചതിൽ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സർവ്വകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ രേഖ. എന്നാൽ 2016-ൽ അണ്ണാമല സർവ്വകലാശാലയിൽ നിന്നുമാണ് താൻ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം.

ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ രേഖകൾ സമർപ്പിച്ചുവെന്നായിരുന്നു ഹർജി. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റും വ്യാജമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വ്യാജരേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെട്ട് സർക്കാരിനെയും ജനങ്ങളെയും ഷാഹിദ കമാൽ പറ്റിക്കുന്നുവെന്ന് ആരോപിച്ച് അഖില ഖാൻ ഡിജിപിക്കും പരാതി നൽകിയിരുന്നു. ബികോം പരീക്ഷ പാസാകാത്ത ഷാഹിദാ കമാലിന് എങ്ങിനെ ഡോക്ടറേറ്റ് കിട്ടിയെന്ന ചോദ്യവും അഖിലാ ഖാൻ ഉന്നയിച്ചിരുന്നു. ഷാഹിദ ബി.കോം പാസ്സായിട്ടില്ലെന്ന് കേരള സർവകലാശാല നൽകിയ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഇത് .

വിദ്യാഭ്യാസ യോഗ്യത ബികോം എന്നാണ് വനിതാ കമ്മീഷൻ അംഗമാകാൻ 2017 ൽ നൽകിയ ബയോ ഡേറ്റയിൽ ഷാഹിദ നൽകിയിരിക്കുന്നത്. എന്നാൽ പിഎച്ച്ഡി നേടിയതായി 2018 ജൂലൈയിൽ ഷാഹിദ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു. കഴിഞ്ഞ 25ന് എഫ്.ബിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പബ്ലിക് അഡ്‌മിനിട്രേഷനിൽ പിജി യും കൂടാതെ ഡി ലിറ്റും നേടിയെന്ന് പറയുന്നു. മുന്നു വർഷത്തിനിടെ നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥ അനുസരിച്ച് ഇത് അസാധ്യമാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഷാഹിദ കുറ്റം ചെയ്തിട്ടുള്ളതിനാൽ നടപടി വേണമെന്നാണ് ആവശ്യം. പരാതിക്കൊപ്പം ഷാഹിദ ബികോം പാസായിട്ടില്ലെന്ന് കേരള സർവകലാശാലയിൽ നിന്ന് കിട്ടിയ വിവരാവകാശരേഖ, വനിതാ കമ്മീഷനിൽ സമർപ്പിച്ച ബയോ ഡേറ്റ , തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത സത്യവാങ് മൂലം,വനിതാ കമ്മീഷൻ വെബ്‌സൈറ്റ് സ്‌ക്രീൻ ഷോട്ട് എന്നിവയും ഫേസ് ബുക്ക് വീഡിയോയും പോസ്റ്റും നൽകിയിട്ടുണ്ട്