കൊച്ചി: പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പരാതിപ്പെടാനെത്തിയ തെന്മല സ്വദേശിയെ വിലങ്ങണിയിച്ച് കൈവരിയിൽ കെട്ടിയിട്ടെന്ന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം. തെന്മല സ്വദേശി രാജീവനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. മുൻപ് ഉണ്ടായ പരാതികളിൽ നടപടി എടുത്തിരുന്നുവെങ്കിൽ ഇപ്പോഴുണ്ടാകുന്നതൊന്നും ആവർത്തിക്കുമായിരുന്നില്ല, ആളുകൾ മരിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. ആലുവയിലെ നിയമവിദ്യാർത്ഥിനി മോഫിയയുടെ മരണം പരാമർശിച്ചായിരുന്നു വിമർശനം.

ഭരണഘടന ദിനമായ ഇന്നു തന്നെ ഇത് പറയേണ്ടിവന്നതിൽ ദുഃഖമുണ്ടെന്നും രാജ്യത്തെ ദൈവം രക്ഷിക്കട്ടേയെന്നാണ് പറയാനുള്ളതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നേരത്തെ ഇതേ ഹർജി പരിഗണിച്ചപ്പോഴും പൊലീസിനെ കോടതി വിമർശനമുണ്ടായിരുന്നു.

തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ രാജീവിനു നേരിടേണ്ടിവന്ന ദാരുണ അനുഭവങ്ങളെ സാധൂകരിച്ച് ഡിവൈ.എസ്‌പി. എസ്.എം. സാഹിറിന്റെ അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർ സർവീസിൽ തുടരുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

പരാതിക്കു പരിഹാരമുണ്ടാക്കാതെ സിഐ. വിശ്വംഭരൻ രാജീവിനെ അടിച്ച് വിലങ്ങണിയിച്ച് കൈവരിയിൽ കെട്ടിയിടുകയും കേസുകൾ കെട്ടിച്ചമയ്ക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐ. ശാലു ഇതിന് കൂട്ടുനിന്നു. പരാതിക്കു രസീത് നൽകുകയെന്ന നടപടിക്രമം പാലിച്ചില്ല. രസീത് ആവശ്യപ്പെട്ടതാണു സിഐ.യെ പ്രകോപിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജീവ് സ്റ്റേഷനിൽ ബഹളംവെച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നതിനു തെളിവില്ല. പരാതിക്കാരനെതിരേ കേസെടുത്ത് അറസ്റ്റുചെയ്ത് വിലങ്ങുവെച്ച് കൈവരിയിൽ കെട്ടിനിർത്തിയിട്ടും വീണ്ടും ഒരു കേസ് കൂടി എടുത്തു. എന്നാൽ, ഈ കേസിനു ബലം നൽകുന്ന സി.സി.ടി.വി. ദൃശ്യങ്ങളോ സാക്ഷിമൊഴിയോ ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.