മലപ്പുറം: പി.വി അൻവർ എംഎ‍ൽഎ പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയെടുത്തെന്ന കേസിൽ ഡിസംബർ 31ന് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി പി. വിക്രമൻ മഞ്ചേരി ചീഫ് ജുഡഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ ഇക്കാര്യം അറിയിച്ചു.

കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ് ക്രഷർ സ്ഥിതിചെയ്യുന്ന മംഗലാപുരം ബൽത്തങ്ങാടിയിൽ പോയുള്ള അന്വേഷണം ഇതിനകം പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കിയിട്ടും പുരോഗതിയില്ലാത്തതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി നേരിട്ട് ഹാജരാകണമെന്ന് മഞ്ചേരി ചീഫ് ജുഡഷ്യൽ മജിസ്‌ട്രേറ്റ് എസ്. രശ്മി ഉത്തരവിട്ടിരുന്നു. ഇതെ തുടർന്നാണ് ഡി.വൈ.എസ്‌പി ഹാജരായത്.

ദുബായിൽ നിന്നെത്തിയ പരാതിക്കാരൻ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമും കോടതിയിൽ എത്തിയിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അൻവർ എംഎ‍ൽഎയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ആയിരുന്നു ഹർജി.

ഹർജിയിൽ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലാക്കിയത്. എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോട് കോടതി നിർദ്ദേശിച്ചിരുന്നു.
കർണാടകയിൽ പോയി അന്വേഷണം നടത്താൻ കോവിഡ് നിയന്ത്രണങ്ങൾ തടസമാണെന്നും നിയന്ത്രണങ്ങളിൽ ഇളവുവരുന്ന മുറക്ക് അന്വേഷണം നടത്തുമെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പിയുടെ ആദ്യ റിപ്പോർട്ട്.

എന്നാൽ ഒരു വർഷം മുമ്പ് 2020 ഏപ്രിലിൽ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്‌പി, ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി കർണാടകയിൽ പോയി രേഖകളും തെളിവുകളും ശേഖരിച്ചതായും അവ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയതായും വ്യക്തമാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് സലീമിന്റെ അഭിഭാഷകൻ ഹാജരാക്കിയതോടെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് തള്ളിയ കോടതി സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു.

നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറിയാണ് ക്രൈം ബ്രാഞ്ച് ഹാജരാക്കിയത്. ഹൈക്കോടതി തള്ളിയ പൊലീസ് അന്വേഷണ റിപ്പോർട്ടിനു പകരം ക്രൈം ബ്രാഞ്ചിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി കർക്കശ നിർദ്ദേശം നൽകി. ഇതോടെ പി.വി അൻവർ എംഎ‍ൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി കാണിച്ച് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി പി വിക്രമൻ സെപ്റ്റംബർ 30തിന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷർ പി.വി അൻവറിന് വിൽപന നടത്തിയ കാസർഗോട്ട് സ്വദേശി കെ. ഇബ്രാഹിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്.