കൊച്ചി: മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. യോഗ്യതയുള്ളവർ പുറത്തു കാത്തു നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്ന് കോടതി പറഞ്ഞു.

ജനപ്രതിനിധികളുടെ മക്കൾക്കും ബന്ധുക്കൾക്കും ആശ്രിത നിയമനം നൽകുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കളെ വരെ സർക്കാർ ജോലികളിൽ നിയമിക്കുന്നതിലേയ്ക്കു കാര്യങ്ങളെ കൊണ്ടെത്തിക്കും എന്നു ഹൈക്കോടതി വ്യക്തമാക്കി.

ഈ നിയമനം അംഗീകരിക്കുന്നതു സർക്കാരിനെ കയറൂരി വിടുന്നതിനു തുല്യമാകും. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നത് കേരള ഫിനാൻസ് കോഡിൽ ക്യത്യമായി പറയുന്നുണ്ട്. സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ അതിനുള്ള അധികാരമുണ്ട്. എന്നാൽ ഈ നിയമന കാര്യത്തിൽ അത്തരത്തിലുള്ള സാഹചര്യമല്ലെന്നും കോടതി വ്യക്തമാക്കി.

സർക്കാർ ജീവനക്കാർ മരണപെട്ടാൽ അവരുടെ കുടുംബത്തിന് സഹായം നൽകാനാണ് ആശ്രിത നിയമനം. എംഎൽഎമാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരം നിയമനം നൽകാൻ കേരള സർവീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു.

എൻജിനിയറിങ് ബിരുദധാരിയായ ആർ. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനിയർ തസ്ഥികയിൽ നിയമിച്ചത് കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹർജിയിലായിരുന്നു കോടതി നടപടി. എംഎൽഎ സർക്കാർ ജീവനക്കാരൻ അല്ലാത്തതിനാൽ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നും നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാൻ മകന് ജോലി നൽകുകയായിരുന്നു എന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. ഇതിനെതിരെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം