- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിസി പുനർനിയമനത്തിൽ അപ്പീൽ നൽകും; സർവകലാശാല നിയമ വ്യവസ്ഥ അവഗണിച്ചതും 60 വയസ് പൂർത്തിയായ വിസിക്ക് പുനർനിയമനം നൽകിയതും ചോദ്യം ചെയ്യും; വിധി പകർപ്പ് കിട്ടിയാൽ ഉടൻ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി
കൊച്ചി: കണ്ണൂർ വിസി പുനർനിയമനത്തിൽ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി അപ്പീൽ നൽകും. സർവ്വകലാശാല വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ട വിരുദ്ധമാണെന്നും അദ്ദേഹത്തിന് വിസി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും കാണിച്ച് ഫയൽ ചെയ്ത ക്വോവറന്റോ ഹർജി സിംഗിൾ ബെഞ്ച് ഫയലിൽ സ്വീകരിച്ചിരുന്നില്ല. വിധി പകർപ്പ് ലഭിച്ചാലുടൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി അറിയിച്ചു.
സെർച്ച് കമ്മിറ്റി റദ്ദാക്കിയ ശേഷം സർവകലാശാലാ നിയമ വ്യവസ്ഥ അവഗണിച്ചതും 60 വയസ്സ് പൂർത്തിയായ വിസി ക്ക് പുനർനിയമനം നൽകിയ ഗവർണറുടെ നടപടിയുമാണ് ഹർജ്ജിയിൽ ചോദ്യം ചെയ്തത്. പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി യുടെ അനധികൃത ഇടപെടലും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് കാലാവധി പൂർത്തിയാക്കിയ വൈസ് ചാൻസലർക്ക് തുടർന്ന് ഒരു കാലാവധിയിലേക്ക് പുനർ നിയമനം നൽകുന്നത്.ഈ കീഴ്വഴക്കം തുടർന്നാൽ പുനർ നിയമനം നേടുന്നതിനായി എന്ത് സമ്മർദ്ദങ്ങൾക്കും വഴിപെടാൻ വിസി മാർ നിർബന്ധിതരാകുമെന്ന് ക്യാമ്പയിൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിവിധ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടെയാണ് സർക്കാരിന് ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്.
വിസിയെ നീക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹർജിയും കോടതി തള്ളി.
ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഗവർണർ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയല്ലേ പുനർനിയമനം നൽകിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ