- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുപ്പി വെള്ളത്തിന് 13 രൂപ നിശ്ചയിച്ച സർക്കാർ ഉത്തരവിന് സ്റ്റേ; വില തീരുമാനിക്കാൻ അധികാരം കേന്ദ്ര സർക്കാരിനെന്ന് ഹൈക്കോടതി

കൊച്ചി: അവശ്യസാധന നിയമത്തിൽ ഉൾപ്പെടുത്തി കുപ്പിവെള്ളത്തിന് 13 രൂപ നിശ്ചയിച്ച സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണെന്റ ഇടക്കാല ഉത്തരവ്.
2019 ജൂൺ 14ന് അവശ്യസാധന നിയമത്തിൽ ഉൾപ്പെടുത്തി കുപ്പിവെള്ളത്തിന് വില കുറച്ച നടപടി ചോദ്യം ചെയ്ത് കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ മാനുഫാക്ച്വേഴ്‌സ് അസോസിയേഷനുൾപ്പെടെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വില നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കി കേന്ദ്ര സർക്കാർ രണ്ടു മാസത്തിനകം സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു.
സംസ്ഥാനത്ത് പലയിടങ്ങളിൽ കുപ്പിവെള്ളത്തിന് പല വിലയാണെന്ന് കാട്ടി കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ച്വേഴ്‌സ് അസോസിയേഷൻ നൽകിയ നിവേദനത്തെത്തുടർന്നാണ് സർക്കാർ നടപടിയുണ്ടായത്. മിതമായ നിരക്കിൽ കുപ്പിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ് അവശ്യ സാധന നിയന്ത്രണ നിയമത്തിൽ ഉൾപ്പെടുത്തി വില നിശ്ചയിച്ചതെന്നായിരുന്നു സർക്കാർ ന്യായം.
വിവിധ ചെലവുകളടക്കം പരിഗണിച്ചാണ് വില നിശ്ചയിക്കുന്നതെന്നും എന്നാൽ, സർക്കാർ അധികാര പരിധി മറികടന്ന് വില നിയന്ത്രിക്കുകയായിരുന്നെന്നും ഹരജിക്കാർ വാദിച്ചു. കുടിവെള്ളം 1955 ലെ കേന്ദ്ര അവശ്യ സാധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതെന്നതാണെന്നും വില നിശ്ചയിക്കാൻ കേന്ദ്രത്തിനാണ് അധികാരമെന്നും വ്യക്തമാക്കിയ കോടതി, സ്റ്റേ അനുവദിക്കുകയായിരുന്നു.


