മലപ്പുറം: ക്രിപ്‌റ്റോ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന മലപ്പുറത്തെ യുവതിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. വൻലാഭവിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന പുറത്തൂർ പടിഞ്ഞാറെക്കര സൈദാക്കാനകത്ത് ദിറാറിന്റെ ഭാര്യ റഹ്മത്തിന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്.

കൊളത്തൂർ പലകപ്പറമ്പ് സൽമ മൻസിലിൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ മകൻ സയ്യിദ് ഹുസൈൻ കോയ തങ്ങൾ (31) ആണ് പരാതിക്കാരൻ. 2020 ഫെബ്രുവരിയിൽ നാലംഗ സംഘം പരാതിക്കാരന്റെ വീട്ടിലെത്തി ലോങ് റിച്ച് കമ്പനിയുടെ ആളുകളെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.

കമ്പനിയുടെ ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിന്റെ പേരിൽ പണം നിക്ഷേപിച്ചാൽ എല്ലാ ദിവസവും ലാഭ വിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2020 ഫെബ്രുവരി 10നും ജൂലൈ 9നും ഇടയിലായി 22,59,021 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയാണ് റഹ്മത്ത്. ഇവരുടെ പേരിൽ പൊന്നാനി ആക്‌സിസ് ബാങ്കിലുള്ള എക്കൗണ്ടിലേക്ക് മൂന്നു ലക്ഷം രൂപ പരാതിക്കാരൻ നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം നൽകി മലപ്പുറത്ത് വ്യാപക തട്ടിപ്പ് നടന്നിരുന്നു.മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും പറഞ്ഞായിരുന്നു നിക്ഷേപങ്ങൾ സമാഹരിച്ചത്. ആളുകളിൽനിന്നു നിക്ഷേപം സ്വീകരിച്ചു ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്.

എന്നാൽ ഇയാളുടെ സ്ഥാപനങ്ങളായ ലോങ് റിച്ച് ടെക്നോളജി, ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് ഈ രജിസ്റ്റ്രേഷൻ ഇല്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു വർഷത്തിനിടെ 1300 കോടി രൂപയുടെ നിക്ഷേപം എത്തിയെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പൊലീസ് പണമിടപാട് സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറുകയും ചെയ്തു.

സാധാരണ തട്ടിപ്പുകളിൽനിന്നും വിഭിന്നമായി ചിന്തിക്കാൻപോലും കഴിയാത്ത നൂറു കോടിക്കും ആയിരം കോടിക്കും മുകളിലാണ് പല ക്രിപ്റ്റോ കറൻസി തട്ടിപ്പുകളും നടന്നിട്ടുള്ളത്. പലയിടത്തും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തിലും സ്വാധീന വലയത്തിലും വീണ് അന്വേഷണം പാതിവഴിയിൽതന്നെ നിൽക്കുന്നു. ഇതാണ് അവസ്ഥ. ക്രിപ്റ്റോകറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകലുകളും കൊലപാതകവും പാസ്വേഡിനായി യുവാവിന്റെ ചൂണ്ടുവിരൽ മുറിച്ചെടുത്തതും ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു.