മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവർ നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചതിൽ കൊച്ചി ഇൻകംടാക്‌സ് പ്രിൻസിപ്പൽ ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) മേൽനോട്ടത്തിൽ അന്വേഷിക്കുമെന്ന് ഇൻകംടാക്‌സ് ഹൈക്കോടതിയെ അറിയിച്ചു. സെന്റർ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ മാർഗനിർദ്ദേശപ്രകാരം ബി കാറ്റഗറിൽ ഉൾപ്പെടുത്തി നികുതിവെട്ടിപ്പിൽ ഗൗരവപൂർണമായ അന്വേഷണമാണ് നടക്കുകയെന്നുള്ള പ്രസ്താവനയാണ് (സ്റ്റേറ്റ്‌മെന്റ്) ഇൻകംടാക്‌സ് സീനിയർ സ്റ്റാന്റിങ് കോൺസൽ ക്രിസ്റ്റഫർ എബ്രഹാം സമർപ്പിച്ചത്.

പി.വി അൻവറിന്റെ അനധികൃത സ്വത്തു സമ്പാദനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജിയുടെ പൊതുതാൽപര്യഹർജിയിലാണ് സ്റ്റേറ്റ്‌മെന്റ്്. ഇൻകംടാക്‌സ് സ്റ്റേറ്റ്‌മെന്റ് പരിഗണിച്ച് ചീഫ് ജസ്റ്റിസ് മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷൻ ബെഞ്ച് കേസ് തീർപ്പാക്കി.

അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ പി.വി അൻവർ എംഎ‍ൽഎയുടെ സ്വാധീനം കാരണം നടപടിയില്ലെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യഹർജി. പരാതിക്കാരനുവേണ്ടി അഡ്വ. സി.എം മുഹമ്മദ് ഇഖ്ബാൽ ഹാജരായി.
പി.വി അൻവർ 2011, 2014, 2016, 201 തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്തു വിവരങ്ങളിൽ വരുമാനനഷ്ടം കാണിച്ച് ആദായനികുതി അടച്ചില്ലെന്നും ഈ കാലയളവിൽ കോടിക്കണക്കിന് രൂപയുടെ അനധികൃക സ്വത്ത് സമ്പാദിച്ചെന്നുമാണ് പരാതി. 2016ൽ നിലമ്പൂരിൽ നിന്നും ഇടതുപക്ഷ സ്വതന്ത്ര എംഎ‍ൽഎയായി മത്സരിക്കുമ്പോൾ 14.38 കോടി രൂപയുടെ സ്വത്താണ് അൻവർ കാണിച്ചത്. 201തിൽ പൊന്നാനിയിൽ നിന്നും ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ 48.76 കോടി രൂപയായി കുത്തനെ വർധിച്ചു. എംഎ‍ൽഎയായി രണ്ട് വർഷം കൊണ്ട് 34.37 കോടി രൂപയുടെ വരുമാന വർധനവാണ് ഉണ്ടായത്.

15.46 കോടി രൂപ വിവിധ പദ്ധതികളിൽ നിക്ഷേപിക്കുകയും ചെയ്തു. മഞ്ചേരി കെ.എഫ്.സിയിൽ നിന്നുമെടുത്ത 5.25 കോടി രൂപയുടെ വായ്പയിൽ 1.3 കോടി രൂപ തിരിച്ചടച്ചു. നിലമ്പൂർ എംഎ‍ൽഎയായി രണ്ടു വർഷം കഴിഞ്ഞ് പൊന്നാനിയിൽ മത്സരിക്കുമ്പോൾ അൻവർ 11.4 ഏക്കർ ഭൂമി കൂടി സ്വന്തമാക്കിയെന്നും ഇക്കാലയളവിലെല്ലാം ആദായനികുതി വകുപ്പിന് നൽകിയ റിട്ടേണിൽ വരുമാന നഷ്ടം കാണിച്ച് നികുതിയടച്ചിട്ടില്ലെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്.