കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ കേസ് പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്ന പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം അടക്കമുള്ള വിഷയങ്ങൾ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് അനു ശിവരാമൻ ആകും ഇനി ഇത്തരം കേസുകൾ പരിഗണിക്കുക.

നേരത്തെ പൊലീസുമായി ബന്ധപ്പെട്ട കേസുകൾ ദേവൻ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്. കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെ മോഷ്ടാവെന്ന് മുദ്രകുത്തി അവഹേളിച്ച സംഭവത്തിൽ കോടതി പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. മോൻസൺ കേസിലും ഹൈക്കോടതിയുടെ വലിയ വിമർശനമാണ് പൊലീസിന് നേർക്കുണ്ടായത്.

ജാമ്യഹർജി പരിഗണിക്കുന്ന ബെഞ്ചുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണയായി ഹൈക്കോടതിയുടെ നീണ്ടകാല അവധികൾ വരുമ്പോൾ ബെഞ്ച് മാറ്റം ഉണ്ടാകാറുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് മാറ്റം പ്രാബല്യത്തിൽ വരിക.

പൊലീസുമായി ബന്ധപ്പെട്ട പുതിയ ഹർജികൾ പരിഗണിക്കില്ലെങ്കിലും നേരത്തെ പരിഗണിച്ചിരുന്ന ഹർജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ തന്നെ തുടരും. പരിഗണനാ പട്ടികയിലെ മാറ്റം സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നാണ് ഹൈക്കോടതി അധികൃതർ വിശദീകരിക്കുന്നത്.