- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.വി അൻവർ എംഎൽഎയ്ക്ക് എതിരായ മിച്ച ഭൂമികേസ്; ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ 10 ദിവസത്തിനകം പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടിയുള്ള ലാന്റ് ബോർഡ് സത്യവാങ്മൂലം തള്ളി
കൊച്ചി: ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പി.വി അൻവർ എംഎൽഎയും കുടുംബവും കൈവശം വെക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ 10 ദിവസത്തിനകം പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി. കൂടുതൽ സാവകാശം തേടി താമരശേരി ലാന്റ് ബോർഡ് ചെയർമാൻ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ ഇടക്കാല ഉത്തരവ് നൽകിയത്.
പി.വി അൻവർ എംഎൽഎയുടെയും കുടുംബത്തിന്റെയും അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന കഴിഞ്ഞ മാർച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജിയുടെ കോടതി അലക്ഷ്യ ഹരജിയിലാണ് നടപടി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫീസർമാർക്ക് എംഎൽഎയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ സർവേ നമ്പറും വിസ്തീർണവും കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിന് കൂടുതൽ സമയംവേണമെന്നാണ് താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാനായ കോഴിക്കേട് എൽ.എ ഡെപ്യൂട്ടികളക്ടർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്.
എന്നാൽ പി.വി അൻവർ എംഎൽഎ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും മത്സരിച്ചപ്പോൾ 226.82 എക്കർഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടുള്ളതാണെന്നും പരാതിക്കാരന്റെ അഭിഭാഷകൻ പിയൂസ് എ കൊറ്റം കോടതിയെ അറിയിച്ചു. ഇതോടെയാണ് ലാന്റ് ബോർഡ് ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് വിലയിരുത്തിയ കോടതി പി.വി അൻവർ എംഎൽഎയുടെ അധികഭൂമി പിടിച്ചെടുക്കാനുള്ള നടപടി വേഗത്തിൽ പൂർത്തീകരിക്കാൻ ഉത്തരവ് നൽകിയത്.
മലപ്പുറം, കോഴിക്കോട് കളക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പി.വി അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭൂപരിഷ്‌ക്കരണ നിയമം 1963 87 (1) പ്രകാരം അൻവറിനതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോർഡ്, താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന് ഉത്തരവു നൽകിയിരുന്നു. എന്നാൽ ഉത്തരവിറങ്ങി മൂന്ന് വർഷം കഴിഞ്ഞിട്ടും എംഎൽഎക്കെതിരെ കേസെടുത്തിരുന്നില്ല.