കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. സിൻഡിക്കേറ്റ് നേരിട്ട് നിയമനം നടത്തിയെന്നും ഗവർണർ കോടതിയെ അറിയിച്ചു.

അംഗങ്ങളെ നിയമിക്കാനുള്ള അവകാശം സിൻഡിക്കേറ്റിനാണെങ്കിലും നാമനിർദേശത്തിനുള്ള അധികാരം ഗവർണർക്കാണ്. കണ്ണൂർ സർവകലാശാല നിയമപ്രകാരം നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ചാൻസലറിൽ നിക്ഷിപ്തമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. നിലവിലെ ചട്ടം മറികടന്നാണ് സർവകലാശാല സിൻഡിക്കേറ്റ് നേരിട്ട് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത്. അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ഗവർണറുടെ അധികാരം വ്യക്തമാക്കുന്ന ചട്ടം കണ്ണൂർ സർവകലാശാല കഴിഞ്ഞയാഴ്ച ഭേദഗതി ചെയ്തിരുന്നു.

വിവിധ വിഷയങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി സെനറ്റംഗങ്ങൾ നൽകിയ ഹർജി നേരത്തേ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഈ സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്തുള്ള അപ്പീലാണ് ഡിവിഷൻ ബെഞ്ചിന് മുന്നിലുള്ളത്. സർവകലാശാല വിസി നിയമനത്തിലും വരും ദിവസങ്ങളിൽ ഗവർണർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കും.