കൊച്ചി: ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈലിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് തള്ളി. സുഹൈലിനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുഹൈലിന്റെ മാതാപിതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഇല്ല എന്ന് വിലയിരുത്തിയാണ് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നതും കോടതി കണക്കിലെടുത്തു. ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിൽ ഇടപെടാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.

നാൽപ്പത് ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞെന്നും പ്രായമുള്ളവരാണെന്നും കാണിച്ചാണ് പ്രതികൾ ജാമ്യഹർജി നൽകിയത്. എന്നാൽ കേസ് ഡയറി പരിശോധിച്ച കോടതി, ഭർത്താവ് സുഹൈലിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് നിരീക്ഷിച്ചു. ആരോപണം ശരിയാണെങ്കിൽ മോഫിയ നേരിട്ടത് വലിയ ക്രൂരത ആണെന്നും കോടതി പരാമർശിച്ചു.

കഴിഞ്ഞ നവംബറിലാണ് ഗാർഹിക പീഡനത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെ മൊഫിയ ആത്മഹത്യ ചെയ്തത്. പരാതിയിൽ കേസ് എടുക്കുന്നതിൽ സിഐ സിഎൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.