കൊച്ചി: അതിവേഗ റെയിൽവേ പദ്ധതിയായ സിൽവർ ലൈനു വേണ്ടി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ. സിൽവർ ലൈൻ പ്രത്യേക പദ്ധതിയല്ല. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാമെന്ന് റെയിൽവേ സ്റ്റാൻഡിങ് കൗൺസൽ കോടതിയെ അറിയിച്ചു. പദ്ധതിക്ക് നൽകിയിട്ടുള്ളത് പ്രാഥമിക അനുമതിയാണെന്നും റെയിൽവേ വ്യക്തമാക്കി.

സിൽവർ ലൈനിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് റെയിൽവേ നിലപാട് അറിയിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്.

റെയിൽവേ ആക്ട് പ്രകാരം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമാണ് സ്പെഷൽ റെയിൽവേ പദ്ധതികൾക്കായി സർവേ നടത്താൻ കഴിയു എന്നതുൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് ഹരജി. സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം കേന്ദ്രസർക്കാറാണ് പുറപ്പെടുവിക്കേണ്ടത്. പദ്ധതിക്ക് 955.13 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ സ്പെഷൽ തഹസിൽദാരെയടക്കം നിയമിച്ച് ഓഗസ്റ്റ് 18ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇതിന് വിരുദ്ധമായതിനാൽ നിലനിൽക്കില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

പദ്ധതിയുടെ പ്രാഥമിക പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും അന്തിമ അനുമതിക്കു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർവേ നടത്താതെ രൂപരേഖ തയ്യാറാക്കിയത് എങ്ങനെ എന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. പ

ശരിയായ സർവേ നടത്താതെ 955 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത് എന്ന് കോടതി ചോദിച്ചു. പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ എങ്ങനെ കൃത്യമായി മനസിലായെന്നും ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.