- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനു കുരുവിള വധശ്രമക്കേസ്; നാല് പേർക്കെതിരെ സിബിഐയുടെ പ്രാരംഭ കുറ്റപത്രം; പ്രതികളെ മാർച്ച് 10 ന് ഹാജരാക്കണം

തിരുവനന്തപുരം: കേരള കോൺഗ്രസ് (മാണി) ഗ്രൂപ്പിന്റെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് (എം) നേതാവായ ബിനു കുരുവിളയെ ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ച കേസിൽ 4 പേർക്കെതിരെ സിബിഐ പ്രാരംഭ കുറ്റപത്രം സമർപ്പിച്ചു. 4 പ്രതികളെയും മാർച്ച് 10 ന് ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രാഥമിക കുറ്റപത്രത്തിലെ ഒന്നു മുതൽ നാലുവരെ പ്രതികളായ കെ. സി.ബിബിൻ, സുബിൻ , സുധീഷ് കൃഷ്ണൻ, റ്റിജോ ചാക്കോസ്രാമ്പിയിൽ എന്നിവരെ ഹാജരാക്കാനാണ് സി ജെ എം ആർ. രേഖ ഉത്തരവിട്ടത്. വധശ്രമ കേസ് വിചാരണക്കായി സിബി ഐ കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയക്കുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായാണ് പ്രതികളെ കോടതി വിളിച്ചു വരുത്തുന്നത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ് പിയാണ് പ്രതികളെ ഹാജരാക്കേണ്ടത്.
ആദ്യ 3 പ്രതികളും ക്വട്ടേഷൻ സംഘാംഗങ്ങളും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരുമാണ്. ഒന്നാം പ്രതി ബിബിൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. സുധീഷ് കൃഷ്ണനാണ് ക്വട്ടേഷന് നേതൃത്വം കൊടുത്തത്. നാലാം പ്രതി റ്റിജോ കുറ്റകൃത്യം ആസൂത്രണം ചെയ്തയാളാണ്. കേസിൽ പ്രതിയാകുമെന്നറിഞ്ഞതോടെ റ്റിജോ കാനഡയിലേക്ക് കടന്നിരുന്നു. ഇയാളെ തിര്യെ കേരളത്തിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം സിബിഐ തേടിയിട്ടുണ്ട്. ഇതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാൾ നാട്ടിലെത്തി സിബിഐ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ ഗൂഢാലോചനയിൽ പങ്കാളികളയാവരെ തിരിച്ചറിഞ്ഞ് കൂടുതൽ അന്വേഷണം നടത്തി അന്തിമ കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്ക് സാധിക്കുകയുള്ളു. ക്‌നാനായ യാക്കോബായ സഭയിലെ പുരോഹിതന്മാരും വൻ വ്യവസായികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമടക്കം ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നാണ് സി ബി ഐ നിഗമനം.
തിരുവല്ലാ നിയോജകമണ്ഡലം പ്രസിഡന്റ് കൂടിയാണ് വധശ്രമത്തിനിരയായ ബിനു കുരുവിള. യാക്കോബൈറ്റ് ക്നാനായ സഭയുടെ സെൻട്രൽ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സ്ഥാനാർത്ഥിയായി ബിനു കുരുവിള മത്സരിച്ചതാണ് വിരോധ കാരണമായി സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.
2018 ഏപ്രിൽ 7ന് രാത്രി 11 മണിക്കാണ് വധശ്രമം നടന്നത്. മാരകായുധങ്ങളുമായി ഭവനഭേദനം നടത്തിയ പ്രതികൾ ഗർഭിണിയായ ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മുന്നിലിട്ടാണ് മൃഗീയമായും പൈശാചികമായും വെട്‌ക്കൊലപ്പെടുത്താൻ ശ്രമിച്ചത്. തലയിൽ മാത്രം മാരകായുധമായ വാൾകൊണ്ട് 5 വെട്ടേറ്റിരുന്നു. തുടർന്ന് ദേഹമാസകലം വെട്ടേറ്റ ബിനു ഇപ്പോഴും ശയ്യാവലംബിയായി ചികിത്സയിൽ കഴിയുകയാണ്.
തിരുവല്ല സ്വദേശികളായ ചെല്ലപ്പൻ , കുട്ടൻ എന്നിവരെ പ്രതി ചേർത്ത് ലോക്കൽ പൊലീസ് നാമ മാത്രമായി എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും രണ്ടാം പ്രതിയായ കുട്ടന് കൃത്യത്തിൽ പങ്കില്ലെന്ന് അന്വേഷണത്തിൽ വെളിവായെന്ന് ചൂണ്ടിക്കാട്ടി കുട്ടനെ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് ക്രൈംബ്രാഞ്ച് അഡീ. റിപ്പോർട്ട് സമർപ്പിച്ചു. തിരുവല്ല ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് രണ്ടാം പ്രതിയെ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് ക്ലീൻ ചിറ്റ് നൽകി കൊണ്ട് അഡീ. റിപ്പോർട്ട് സമർപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ബിനു ഹൈക്കോടതിയെ സമീപിച്ചത്. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കേസന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.

