തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കസ്റ്റംസ് ഒത്താശയോടെ ട്രാവൽ ഏജൻസി ഉടമ ഒരു കിലോ സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ വനിതാ കസ്റ്റംസ് സൂപ്രണ്ടക്കം മൂന്നു പ്രതികൾക്ക് തിരുവനന്തപുരം സി ബി ഐ കോടതി അന്ത്യശാസനം നൽകി. കുറ്റം ചുമത്തലിന് ജനുവരി 19 ന് ഹാജരാകാനാണ് സിബിഐ ജഡ്ജി കെ. സനിൽകുമാർ അന്ത്യശാസനം നൽകിയത്. ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എല്ലാ പ്രതികളും ഹാജരാകാത്തതിനാലാണ് 19 ന് ഹാജരാകാൻ അന്ത്യ ശാസനം നൽകിയത്. രണ്ടു പ്രതികൾ ഹാജരായെങ്കിലും മൂന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ഹാജരാകാതെ മെഡിക്കൽ ഗ്രൗണ്ടിൽ കോടതിയിൽ ഹാജരാകാതെ വിട്ടു നിൽക്കുകയായിരുന്നു.

കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുതുന്നത്. പ്രതികൾ പ്രഥമ ദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാനമുണ്ടെന്നും പ്രതികളെ വിചാരണ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്നും ജനുവരി 7 ന് പുറപ്പെടുവിച്ച കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഹവിൽദാർ ജി. റാണിമോൾ , ട്രാവൽ ഏജൻസി ഉടമ ഷബീർ അക്‌ബർ ഖാൻ , കസ്റ്റംസ് സൂപ്രണ്ടായിരുന്ന ആൻസി ഫിലിപ്പ് എന്നിവരാണ് സ്വർണ്ണ കള്ളക്കടത്ത് കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ. ക്രിമിനൽ ഗൂഢാലോചന , വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ , അഴിമതി , പൊതുസേവകർ കളവായ സർട്ടിഫിക്കറ്റ് നൽകൽ , വ്യാജ തെളിവ് നൽകൽ , കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ കളവായ വിവരം നൽകൽ , തെളിവ് അപ്രത്യക്ഷമാക്കൽ എന്നീ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ ചുമത്താൻ കോടതി ഉത്തരവിട്ടത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരം പ്രതികൾ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാനമുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് കുറ്റം ചുമത്തിയത്.

2018 മാർച്ചിലാണ് കേസിനാധാരമായ സംഭവം നടന്നത്. ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സാണ് പ്രതികളെ തൊണ്ടി മുതലായ 35 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണം തൊണ്ടി സഹിതം പിടികൂടിയത്. മെറ്റൽ ഡിറ്റക്ടർ പരിശോധന ഹാളിന്റെ സമീപത്ത് വച്ച് ട്രാവൽ ഏജൻസി ഉടമ ഷബീർ സ്വർണ്ണമടങ്ങിയ ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥക്ക് കൈമാറുകയായിരുന്നു. നിയമവിരുദ്ധ കടത്ത് സാധൂകരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ തെറ്റായ ഔദ്യോഗിക റെക്കോർഡുകളും വ്യാജ രേഖകളും കള്ള തെളിവുകളും നിർമ്മിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസായതിനാൽ തുടരന്വേഷണം സിബിഐ ഏറ്റെടുത്തു.

അഴിമതി കേസിൽ നാലാം പ്രതിയും കൃത്യത്തിൽ കുറഞ്ഞ പങ്കും പങ്കാളിത്ത്വവുമുള്ള കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിനെ കോടതി മാപ്പുസാക്ഷിയാക്കി. സഞ്ജീവ് താൻ ചെയ്ത കൃത്യവും മറ്റു പ്രതികൾ ചെയ്ത കൃത്യവും ജുഡീഷ്യൽ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നൽകി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് മജിസ്ട്രേട്ട് കോടതി രഹസ്യ മൊഴിയെടുത്തത്. നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വിചാരണയിൽ മൊഴി നൽകാമെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചു. മൊഴിപ്പകർപ്പ് ലഭിച്ച സി ബി ഐ സഞ്ജീവിനെ മാപ്പുസാക്ഷിയാക്കണമെന്നാനാവശ്യപ്പെട്ട് സി ജെ എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പ്രതിയെ വരുത്തിക്കേട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പ്രതിയോട് മാപ്പ് സ്വീകരിക്കാൻ തയ്യാറാണോയെന്ന് ആരാഞ്ഞു. നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വിചാരണയിൽ സാക്ഷിമൊഴി നൽകണമെന്ന വ്യവസ്ഥയിലാണ് മാപ്പ് നൽകുന്നതെന്നും വ്യവസ്ഥ ലംഘിച്ചാൽ വീണ്ടും പ്രതിയാക്കി വിചാരണ ചെയ്യുമെന്ന മുന്നറിയിപ്പും നൽകി. വ്യവസ്ഥകൾ സമ്മതിച്ച് മാപ്പ് സ്വീകരിക്കാൻ തയ്യാറാണെന്ന് സഞ്ജീവ് സി ജെ എം കോടതിയിൽ ബോധിപ്പിച്ച് സത്യവാങ്മൂലം ഒപ്പിട്ട് നൽകി. തുടർന്ന് ക്രിമിനൽ നടപടി ക്രമത്തിലൈ വകുപ്പ് 306 പ്രകാരം പ്രതിക്ക് മാപ്പു നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവു ചെയ്ത് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ സി ബി ഐ കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രമാണ് പ്രതികളെ വായിച്ച് കേൾപ്പിച്ച് കുറ്റം ചാർത്തുന്നത്.