തിരുവനന്തപുരം: വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പൻ എന്ന ആറ്റിങ്ങൽ ബിജുവിന് കടക്കാവൂർ മണിക്കുട്ടൻ കൊലക്കേസിൽ ജാമ്യമനുവദിച്ചു. മെഡിക്കൽ ഗ്രൗണ്ടിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യക്കാരെ ഹാജരാക്കി ജാമ്യ ബോണ്ട് എക്‌സിക്യൂട്ട് ചെയ്യാൻ തലസ്ഥാനത്തെ വിചാരണക്കോടതി ഉത്തരവിട്ടു.

വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി വിവിധ ഘട്ടങ്ങളിൽ പ്രതി സമർപ്പിച്ച മൂന്നു ജാമ്യ ഹർജികളും തള്ളിയിരുന്നു. പ്രതി ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാനും വിചാരണ കോടതി ഉത്തരവിട്ടു. വിചാരണ തീരാതെ പ്രതി ഇനി പുറം ലോകം കാണണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ജാമ്യം നിരസിച്ചത്. മറ്റു 11 കേസുകളിൽ ജാമ്യം ലഭിച്ചിട്ടും ഈ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പ്രതിക്ക് പുറത്തിറങ്ങാനായിരുന്നില്ല.

നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി ദീർഘകാലം ഒളിവിൽ കഴിഞ്ഞ പ്രതി ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ സെഷൻസ് ജഡ്ജി എൽ. ജയവന്താണ് ഉത്തരവിട്ടത്. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കോടതിയിൽ ഹാജരാകാതെ ദീർഘകാലം ഒളിവിൽ കഴിഞ്ഞ പ്രതിയെ അനവധി കേസുകളിൽ വിചാരണ ചെയ്യാനിരിക്കെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ ശിക്ഷ ഭയന്ന് വീണ്ടും ഒളിവിൽ പോകാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണയിൽ മൊഴി തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേർക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് മൂന്നാം ജാമ്യ ഹർജിയും തള്ളിയത്.

മൂന്നാം തവണയാണ് പ്രതിയുടെ ജാമ്യഹർജി കോടതി തള്ളിയത്. സെപ്റ്റംബറിൽ മുൻ ജാമ്യഹർജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. 1997 ലാണ് കടക്കാവൂർ സ്വദേശി മണിക്കുട്ടനെന്ന കുമാരനെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തന്നെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയായ മണിക്കുട്ടനെ കോടതി വെറുതെ വിട്ടതിനെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു.

ആറ്റിങ്ങൽ കൂട്ടായ്മ കവർച്ച കേസിലും ബിജുവിന്റെ വിചാരണ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. 2001 ൽ ബിജുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നടത്തിയ കൂട്ടായ്മ കവർച്ചക്കേസിലാണ് വിചാരണ നടക്കുന്നത്.
തമിഴ്‌നാട് തക്കല തൃക്കോൽവട്ടം പുഷ്പഗിരി വീട്ടിൽ നിന്നും ആറ്റിങ്ങൽ ബി. റ്റി. എസ്. റോഡ് സുബ്രഹ്മണ്യ വിലാസത്തിൽ (പാലസ് റോഡ് ശബരി വീട് ) ബിജു (56) വിനെയാണ് ഹാജരാക്കേണ്ടത്. ഇയാൾ കടക്കാവൂർ മണിക്കുട്ടൻ കൊലക്കേസ് കൂടാതെ അമ്പലത്തറ അബ്ദുൾ ജബ്ബാർ കൊലക്കേസിലും മുഖ്യ പ്രതിയാണ്. 20 വർഷത്തിലധികമായി കോടതിയിൽ ഹാജരാകാതെയും പൊലീസിനെ വെട്ടിച്ചും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് ഉത്തരവ് പ്രകാരം 2021 ഫെബ്രുവരി 28 ന് കോട്ടയം പൊൻകുന്നത്തെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടുകയായിരുന്നു.

തമിഴ്‌നാട്ടിലെ മേൽവിലാസത്തിൽ കരസ്ഥമാക്കിയ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാൾ , മുംബൈ , ഡൽഹി വിമാനത്താവളങ്ങൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്നു പോയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബംഗ്‌ളുരുവിലും തമിഴ്‌നാട്ടിലും രഹസ്യമായി വസ്തുവും വിടും വാങ്ങി മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാൾ ആക്രമണങ്ങൾ നടത്തിയിരുന്നു. കടക്കാവൂർ കൊല്ലമ്പുഴയിൽ മണിക്കുട്ടനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലും തിരുവല്ലം അമ്പലത്തറ കല്ലുംമൂട്ടിൽ അബ്ദുൾ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും 2000 ൽ നടന്ന നേമം കൊലക്കേസിലും 1994 ൽ നടന്ന വലിയതുറ കൂട്ടായ്മ കവർച്ചക്കേസിലും പ്രധാന പ്രതിയാണ്.

തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ, കടക്കാവൂർ, ചിറയിൻകീഴ്, വർക്കല, തിരുവല്ലം, തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ്, മ്യൂസിയം , വലിയതുറ , പൂജപ്പുര എന്നീ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, അന്യായ തടങ്കലിൽ വക്കുന്നതിനായുള്ള ആൾ മോഷണം, കഠിന ദേഹോപദ്രവം ഏൽപ്പിക്കുന്നതിനായുള്ള ആൾ മോഷണം എന്നീ കേസുകളിലും മുഖ്യ പ്രതിയാണ്.