തിരുവനന്തപുരം: സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വി എസ്സിന്റെ പരാമർശത്തിന് എതിരെയുള്ള ഹർജിയിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. വി എസ് ഉമ്മൻ ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു.

2013 ഓഗസ്റ്റിൽ പ്രതിപക്ഷ നേതാവായിരിക്കെ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരേയുള്ള വി എസ്സിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

ഉമ്മൻ ചാണ്ടി 2014ലാണ് ഹർജി നൽകിയത്. തന്നെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.

കേസിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി കോടതിയിൽ നേരിട്ടെത്തി മൊഴി നൽകി. വാദത്തിനിടെ വിഎസിന്റെ ആരോപണം തെളിയിക്കാൻ സാധിച്ചില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. ഇത് അംഗീകരിച്ച് കൊണ്ടാണ് കോടതി വിധി.

ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി കോടതിയിൽ ഹർജി നൽകിയത്. കോടതി ചെലവുകൾ കണക്കാക്കിയാണ് പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത്. വിധിക്കെതിരെ ജില്ലാ കോടതിയെ സമീപിക്കുമെന്ന് വിഎസിന്റെ അഭിഭാഷകൻ അറിയിച്ചു.

കേസിൽ സർക്കാരും വിഎസിനെ കോടതിയിൽ തള്ളി പറഞ്ഞിരുന്നു. സോളാർ കമ്പനിയിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ അഭ്യന്തര അഡീഷണൽ സെക്രട്ടറി മൊഴി നൽകിയിരുന്നു.

സോളാർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ച ശിവരാജൻ കമ്മീഷന് ഇക്കാര്യം കണ്ടെത്താനായിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കമ്മീഷന് മുന്നിൽ ഹാജരായ പല സാക്ഷികളും ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചിരുന്നുവെന്നും എന്നാൽ ആർക്കും തന്നെ ആരോപണങ്ങളുടെ വസ്തുത തെളിയിക്കാൻ കഴിഞ്ഞില്ലെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.