തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ ആനകൾ നേരിടുന്ന ദുരിതം മനസ്സിലാക്കിയ ഹൈക്കോടതി ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ചൊവ്വാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവാൻ ഉത്തരവിട്ടു.

പൊരിവെയിലിൽ ഇരുമ്പുകൊണ്ടുള്ള ഷെഡിന്റെ അടിയിലാണ് ആനകളെ മുന്നിലും പിന്നിലും ഇരുമ്പു ചങ്ങലയിൽ ജീവിതകാലം മുഴുവൻ തളച്ചിരിക്കുന്നത്. കുട്ടിയാനകളെ ചങ്ങലയിൽ പ്ലാസ്റ്റിക് ഷീറ്റിന്റെ അടിയിലും. 9 കുട്ടിയാനകൾ അടക്കം 15 ആനകളെ പരിപാലിക്കാൻ 31 പാപ്പാന്മാരും വൈൽഡ് ലൈഫ് വാർഡൻ അടക്കം 17 ഉദ്യോഗസ്ഥരും ആണ് നിലവിൽ കോട്ടൂരിൽ ഉള്ളത്.

ഒടുവിൽ എത്തിയ 8 കുട്ടിയാനകളിൽ 5 എണ്ണവും സമീപകാലത്ത് ഇവിടെ ചെരിഞ്ഞിരുന്നു. 105 കോടി രൂപയുടെ വൻപദ്ധതി അവിടെ നടപ്പിലാക്കി എങ്കിലും ഭീമാകാരമായ ഓഫിസ് സമുച്ചയങ്ങൾ മാത്രമാണ് നിലവിൽ കാണാൻ കഴിയുന്നത്. 2100 കാട്ടുമരങ്ങൾ വെട്ടിമാറ്റിയാണ് ആനകളെ കെട്ടാൻ ഇരുമ്പു കൊണ്ടുള്ള ഷെഡ്ഡുകൾ പണിതീർത്തിരിക്കുന്നത്. പ്രൊജക്റ്റ് എലിഫന്റിന്റെയും കേരള നാട്ടാന പരിപാലന ചട്ടത്തിന്റെയും പൂർണമായ ലംഘനം ആണ് കോട്ടൂരിൽ സംഭവിച്ചിരിക്കുന്നത് എന്ന് മൃഗ സ്‌നേഹി സംഘടനയായ ആനിമൽ ലീഗൽ ഫോഴ്സ് കോടതിയെ ധരിപ്പിച്ചു.

മണ്ണാർക്കാട് ഡിവിഷനിൽ വെള്ളിയാർ പുഴയിൽ പൈനാപ്പിൾ ബോംബ് കടിച്ച് ഗർഭിണിയായ ആന മരിച്ച സംഭവത്തിൽ രണ്ടു വർഷം ആയിട്ടും മുഴുവൻ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചാർജ് ഷീറ്റ് നൽകുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ ആയിരത്തോളം ആനകൾ ആണ് കേരളത്തിൽ ചെരിഞ്ഞത്. ഒരാളെ പോലും ഈ കാലയളവിൽ ശിക്ഷിച്ചിട്ടില്ല. കേരളത്തിൽ ആനകൾക്ക് എതിരെ നടക്കുന്ന ക്രൂരതകൾക്ക് എതിരെ എത്ര പരാതികൾ കൊടുത്താലും വനം വകുപ്പ് കേസ് എടുക്കാറില്ല എന്നും കേസ് എടുത്ത സംഭവങ്ങളിൽ ചാർജ് ഷീറ്റ് നൽകാതെയും ഏതു മാർഗ്ഗം ഉപയോഗിച്ചും പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്നും അനിമൽ ലീഗൽ ഫോഴ്‌സ് കോടതിയെ അറിയിച്ചിട്ടുണ്ട്.