തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് ഇടിപ്പിച്ച് പിതാവും മകനും കൊല്ലപ്പെട്ട നരഹത്യ കേസ് വിചാരണക്കിടെ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ സാക്ഷിക്കൂട്ടിൽ നിന്ന സാക്ഷി ബോധരഹിതനായി കുഴഞ്ഞു വീണു. തുടർന്ന് ജഡ്ജി എൽ.ജയവന്തിന്റെ നിർദ്ദേശപ്രകാരം പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ആംബുലൻസ് വരുത്തി സാക്ഷിയെ ആശുപത്രിയിലാക്കി. കൂടാതെ പൊലീസ് ജീപ്പ് ആംബുലൻസിനെ അനുഗമിക്കാനും നിർദ്ദേശിച്ചു. വ്യാഴാഴ്ചത്തെ കേസ് വിചാരണ മുഴുവൻ നിർത്തി വച്ചു.

കേസിൽ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട ഇരട്ട മക്കളായ സഹോദരങ്ങളിൽ ഒരാളുമായ ശ്രീജുവാണ് തന്റെ മുന്നിൽ വച്ച് പിതാവും. സഹോദരനും ബസ് കയറി തൽക്ഷണം കൊല്ലപ്പെട്ട ദാരുണ സംഭവം നേരിൽ കണ്ട രംഗങ്ങൾ കോടതിയിൽ വിവരിക്കവേ കരച്ചിലടക്കാനാവാതെ ബോധം കെട്ട് കുഴഞ്ഞു വീണത്.

കെ എസ് ആർറ്റിസി ഡ്രൈവർ സുധാകരൻ , കണ്ടക്ടർ പ്രശാന്തൻ എന്നിവരാണ് നരഹത്യാ കേസിൽ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (2) (അലക്ഷ്യമായ ഡ്രൈവിങ് മരണം സംഭവിപ്പിക്കാൻ ഇടയുള്ളതാണെന്ന അറിവോടു കൂടി ചെയ്യൽ) , 201 (തെളിവ് നശിപ്പിക്കൽ) , 202 (കുറ്റത്തെക്കുറിച്ച് വിവരം നൽകുന്നതിന് ബാധ്യസ്ഥനായ ആൾ മന:പ്പൂർവ്വം വിവരം. നൽകാതിരിക്കൽ) , മോട്ടോർ വാഹന നിയമത്തിലെ 134 എ (പ്രഥമ ശുശ്രൂഷ നൽകാതിരിക്കൽ ) ,134 ബി (വിവരം പൊലീസിലറിയിക്കാതെ കൃത്യ സ്ഥലത്ത് നിന്നും രക്ഷപ്പെടൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.

2012 ൽ പാറ്റൂരിൽ കെ എസ് ആർറ്റിസി രാജധാനി ബസ് ഇടിപ്പിച്ച് പിതാവും മകനും കൊലപ്പെട്ട കേസിലാണ് കരളലിയിക്കുന്ന രംഗങ്ങൾ കോടതി മുറിയിൽ നടന്നത്. പാറ്റൂർ ജനറൽ ആശുപത്രി റോഡിൽ പിതാവും ഇരട്ട മക്കളിൽ ഒരു മകനും ഒരു ബൈക്കിലും ഇരട്ടകളിൽ രണ്ടാമനായ ശ്രീജുവും ബന്ധുവും മറ്റൊരു ബൈക്കിലും മിതമായ വേഗതയിൽ യാത്ര ചെയ്യവേ അതേ ദിശയിൽ അമിത വേഗതയിൽ പിന്നിലൂടെ പാഞ്ഞു വന്ന ബസ് തെറ്റായ രീതിയിൽ ഇടതുവശത്തിലൂടെ ഓവർ ടേക് ചെയ്ത സമയം പിതാവും മകനും സഞ്ചരിച്ച ബൈക്ക് ഹാൻഡിലിൽ ഇടിപ്പിച്ച് ഇടിയുടെ ആഘാതത്തിൽ ബൈക്കും രണ്ടു പേരും ബസിനടിയിൽപ്പെട്ട് തൽക്ഷണം കൊല്ലപ്പെടുകയായിരുന്നു.