കൊച്ചി: വ്യാജ അബ്കാരി കേസിൽ ജയിലിൽ കഴിഞ്ഞ രണ്ടു പേർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. കൊല്ലം സ്വദേശികളായ രണ്ടു പേർക്ക് 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. വാറ്റുചാരായം പിടിച്ചതിന് രണ്ടുപേരെ രണ്ടുമാസം തടവിലിട്ട കേസ് വ്യാജമെന്ന് കോടതി കണ്ടെത്തുകയായിരുന്നു. നഷ്ടപരിഹാരത്തുക ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നും കോടതി നിർദേശിച്ചു.

അകാരണമായി ജയിലിൽ കഴിഞ്ഞവർക്ക് ഉണ്ടാകുന്ന മാനസികാഘാതം വളരെ വലുതാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. വ്യാജ ചാരായ കേസുകളിൽ കുടുക്കി രണ്ട് മാസത്തോളമാണ് എക്‌സൈസ് ഉദ്യോഗസ്ഥർ കൊല്ലം സ്വദേശികളെ ജയിലിൽ അടച്ചത്. 'ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ' എന്ന വള്ളത്തോളിന്റെ വരികളും ഉത്തരവിൽ പരാമർശിക്കുന്നു.

എക്സൈസ് ഉദ്യോഗസ്ഥർ വിചാരിച്ചാൽ ആരെയും കള്ളക്കേസിൽ കുടുക്കാനാവുമെന്നാതാണ് സ്ഥിതി. അൻപത് ശതമാനം അബ്കാരി കേസുകളും സമാനമായ സ്വഭാവത്തിലുള്ളതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിക്കണം.

നിലവിൽ പ്രിവന്റീവ് ഉദ്യോഗസ്ഥന്മാരാണ് മഹസർ തയാറാക്കുന്നത്. ഇവർ വ്യക്തി വിരോധത്തിന് ഇത് ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മഹസർ തയാറാക്കുന്നത് പരിഗണിക്കണം. കേസുകളുടെ അന്വേഷണത്തെയും നടത്തിപ്പിനെയും പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്നും ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.