കൊച്ചി: കുട്ടികൾ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കണമെന്ന് ഹൈക്കോടതി. കുട്ടികളെ അരാഷ്ട്രീയവാദം പഠിപ്പിക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നതാണന്നും ഇത് തടയണമെന്നും കോടതി അഭിപ്രായപ്പെട്ടു
കുട്ടികളെ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുകയാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് നിരീക്ഷിച്ചു. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

കഴിഞ്ഞദിവസം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശം. സംഘടനകൾ വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിപ്പിച്ച് ശ്രദ്ധ നേടാൻ ശ്രമിക്കുന്നതായും കോടതി നിരീക്ഷിച്ചു. പുതിയ തലമുറയുടെ തലയിൽ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ഇത്തരക്കാർ ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.

അതേസമയം, പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസ് ആണ് കേസെടുത്തത്. മതസ്പർധ വളർത്താൻ ശ്രമമെന്ന് പൊലീസിന്റെ എഫ്‌ഐആർ വ്യക്തമാക്കുന്നു. റാലിയിൽ പങ്കെടുത്ത ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന മുദ്രാവാക്യമാണ് പത്തുവയസ്സു പോലും തോന്നിക്കാത്ത കുട്ടി വിളിച്ചത്. മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്. കേന്ദ്ര ഏജൻസികളും സംഭവത്തിൽ റിപ്പോർട്ടുകൾ തേടിയെന്നാണ് വിവരം. കുട്ടി റാലിയിൽ പങ്കെടുത്തിരുന്നു എന്നും വിളിച്ചത് സംഘാടകർ നൽകിയ മുദ്രാവാക്യമല്ലെന്നും പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ സൂചിപ്പിച്ചു.