മലപ്പുറം: മോഷണം ലക്ഷ്യംവെച്ച് തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ കോളനി ബീച്ചിൽ കാഞ്ഞിരത്തുംവീട്ടിൽ കോയമോൻ എന്ന അൻസാർ (47) നെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് നസീറ വെറുതെ വിട്ടത്.

കൊണ്ടോട്ടി മുതുവല്ലൂർ കുഴിഞ്ഞിളം കുന്നന്മുക്കിൽ അവുഞ്ഞിക്കാട് കുഞ്ഞാലന്റെ ഭാര്യ കുന്നൻ സൈനബ (65) ആണ് കൊല്ലപ്പെട്ടത്. 2012 സെപ്റ്റംബർ നാലിന് രാത്രിയാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സൈനബക്ക് മക്കളില്ല. സഹോദരന്റെ വീടിന് സമീപം വീട് വെച്ച് താമസിച്ചു വരികയായിരുന്നു. മോഷണം ലക്ഷ്യമാക്കി വീടിനകത്ത് കയറിയ പ്രതിയെക്കണ്ട് സൈനബ ബഹളം വെച്ചതോടെ ഇവരുടെ തട്ടം ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിച്ചത് മരണത്തിന് കാരണമായെന്നാണ് പ്രോസിക്യൂഷൻ കേസ്.

പിറ്റേന്ന് രാവിലെയാണ് സൈനബ മരിച്ചതായി ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. സൈനബയുടെ മാല, വളകൾ, കമ്മലുകൾ എന്നിവ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. ഈ ആഭരണങ്ങൾ പിന്നീട് പൊലീസ് കോഴിക്കോട് മേലെ പാളയത്തെയും ചേളാരിയിലെയും ജൂവലറികളിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആഭരണങ്ങൾ തിരിച്ചറിയാൻ സാക്ഷികൾക്ക് കഴിയാത്തതാണ് കേസിന് വഴിത്തിരിവായത്. ആകെ 61 സാക്ഷികളുള്ള കേസിൽ കൊണ്ടോട്ടി സി ഐയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അപ്പീൽ പോകുമെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു പറഞ്ഞു. പ്രതിക്ക് വേണ്ടി അഡ്വ. പി ജി മാത്യു ഹാജരായി.