മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് വിധേയയാക്കിയത് 20വയസ്സുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. വണ്ടൂർ കൂരാട് പനംപൊയിൽ വാണിയമ്പുലവൻ ജസീൽ (20)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ തന്റെ ഫോണിലേക്ക് അയപ്പിക്കുകയും പിന്നീട് ഈ ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. 2021 സെപ്റ്റംബർ 22നാണ് സംഭവം. 2022 മെഡ് 16ന് കൽപ്പകഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ പി കെ ദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമാനമായ മറ്റൊരുകേസിൽ 19കാരനായ യുവാവ് കഴിഞ്ഞ ദിവസം നിലമ്പൂർ പൊലീസിന്റെ പിടിയിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയും അവസാനം പ്രണയം നടിച്ച് നഗ്ന ഫോട്ടോകൾ കൈക്കലാക്കുകയുമായിരുന്നു ഈ യുവാവ്. തുടർന്നു ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും സ്വർണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ പരാതിയിലാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.

പ്രതിയായ കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി കാപ്പുമ്മൽ മുഹമ്മദ് സാദിഖിനെ(19)യാണ് നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. നിലമ്പൂരിലെ പെൺകുട്ടിയെയാണ് ചതിയിൽപ്പെടുത്താൻ ശ്രമിച്ചത്. പ്രണയം നടിച്ചു കൈക്കലാക്കിയ നഗ്നഫോട്ടോകൾ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതി.

തുടർന്ന് ഇതെ ഭീഷണി വീണ്ടും ആവർത്തിച്ച് പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. സ്വർണഭാരണങ്ങൾ നൽകിയില്ലെങ്കിൽ ഫോട്ടോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പീഡന ശ്രമം പെൺകുട്ടി ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈൻ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കേസ്സ് രജിസ്റ്റർ ചെയ്ത പൊലീസ് കാക്കൂരിലുള്ള വീട്ടിൽ വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.