മലപ്പുറം: വീട്ടുവളപ്പിലെ നിധി കുഴിച്ചെടുക്കാൻ പൂജയ്‌ക്കെന്ന വ്യാജേന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ഒക്ടോബർ മൂന്നിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിക്കും.

കൊണ്ടോട്ടി ഒളവട്ടൂർ അരൂർ പള്ളിപ്പടി നീരോൽപ്പിൽ ശകുന്തള (46)യെ പ്ലാസ്റ്റിക് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്ന കേസിൽ ദമ്പതികളായ കോഴിക്കോട് കുറ്റ്യാടി മുള്ളൻകുന്ന് മരുതോംകര മോളൂറുമ്മൽ ദുർഗ്ഗ പ്രസാദ് എന്ന മുത്തു (34), അശ്വതി (29) എന്നിവരാണ് പ്രതികൾ. 2014 ഓഗസ്റ്റ് 12നാണ് കേസിന്നാസ്പദമായ സംഭവം.

ആന്തിയൂർകുന്ന് വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിലെ പൂജാരിയാണ് കേസിലെ ഒന്നാം പ്രതിയായ ദുർഗ്ഗ പ്രസാദ്. ശകുന്തളയുടെ വീട്ടുവളപ്പിൽ നിധിയുണ്ടെന്നും ഇത് ലഭ്യമാകാൻ പൂജ ആവശ്യമാണെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്ക് വിളിച്ചു വരുത്തിയ ശകുന്തളയെ മൊബൈൽ ഫോൺ ഓഫ് ചെയ്യിപ്പിച്ച ശേഷം കുറ്റ്യാടി ബസ് സ്റ്റാന്റിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

പിന്തുടർന്നെത്തിയ പ്രതി ശകുന്തളയെ ബൈക്കിൽ കയറ്റി കുറ്റ്യാടി മുള്ളൻകുന്നിലുള്ള ആളൊഴിഞ്ഞ തറവാട്ടു വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ പൂജക്കുള്ള കളമൊരുക്കിയ ശേഷം ശകുന്തളയുടെ കണ്ണ് കെട്ടി പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. ഇതിനിടെ നേരത്തെ കരുതിവെച്ച പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

സ്വർണ്ണാഭരണങ്ങളും പണവും കവർന്ന ശേഷം ഭാര്യയായ അശ്വതിയുടെ സഹായത്തോടെ മൃതദേഹം ചാക്കിൽകെട്ടി 35ാം സാക്ഷിയിൽ നിന്നും വാടകക്കെടുത്ത മാരുതി അൾടോ കാറിന്റെ ഡിക്കിയിൽ കയറ്റുകയും ചവറംമുഴി എന്ന സ്ഥലത്തു കൊണ്ടുപോയി കുറ്റ്യാടി പുഴയിൽ തള്ളിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

2014 ഓഗസ്റ്റ് 16ന് പുഴയിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ വിവരം പൊലീസിലറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റ് 19ന് ഇരു പ്രതികളും അറസ്റ്റിലായി. കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ ബി സന്തോഷ് അന്വേഷണം നടത്തിയ കേസിൽ 56 സാക്ഷികളുണ്ട്.