മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ അപകടകരമായ കാർ ഡ്രൈവിങ് ചോദ്യം ചെയ്ത സ്‌കൂട്ടർ യാത്രക്കാരായ സഹോദരിമാരെ മർദ്ദിച്ച കേസിലെ പ്രതി സി.എച്ച്.ഇബ്രാഹീം ഷബീറിന് കോടതി ജാമ്യം അനുവദിച്ചു. കാറിൽ നിന്നിറങ്ങിയ യുവാവ് സഹോദരിമാരായ യുവതികളെ
അഞ്ചുതവണ മുഖത്തടിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമായിരുന്നു പരാതി.

പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഇന്നു രാവിലെ പരപ്പനങ്ങാടി കോടതിയിൽ കീഴടങ്ങുകയായിരുന്നു. എല്ലാ ബുധനാഴ്ചകളിലും തേഞ്ഞിപ്പലം സ്റ്റേഷനിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഏത് സമയവും ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഏപ്രിൽ 16 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്രമത്തിനിരയായ പെൺകുട്ടികൾ നേരിട്ട് സ്റ്റേഷനിലെത്തി പരാതി പറഞ്ഞെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. സംഭവം വിവാദമാകുമെന്നായതോടെ 18 നാണ് ദുർബല വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിനിടയിൽ പരാതിക്കാരെ സ്വാധീനിക്കാനുള്ള ശ്രമവും പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

ഇതോടെ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ സംഭവം പുറത്ത് വരികയും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകുകയും ചെയ്തതോടെ പെൺകുട്ടികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പൊലീസ് കൂട്ടിച്ചേർത്തു.
ആദ്യം സ്റ്റേഷൻ ജാമ്യം നൽകിയ പൊലീസ് വകുപ്പുകൾ കൂട്ടിച്ചേർത്ത തോടെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാൻ ഉടൻ തന്നെ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നായിരുന്നു പരാതിക്കാരോടും മീഡിയയോടും പൊലീസ് പറഞ്ഞിരുന്നത്.

എന്നാൽ മെയ് 23 ന് മാത്രമാണ് ജാമ്യം റദ്ദ് ചെയ്യാനുള്ള അപേക്ഷ പൊലീസ് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചത്. ഇതിനിടയിൽ പ്രതി ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ജാമ്യം നേടുകയും ചെയ്തു. കഴിഞ്ഞ 19-ന് ഇടക്കാലജാമ്യം ഹൈക്കോടതി റദ്ദാക്കിയതോടെ പ്രതി ഇബ്രാഹീം ഷബീറിനായി തേഞ്ഞിപ്പലം പൊലീസ് അന്വേഷണം നടത്തിവരികെയാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്.കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിരന്തര വീഴ്ചയാണ് പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യമുണ്ടായതെന്ന വിമർശനമാണ് നിലവിൽ ഉയരുന്നത്. ഇതിൽ വീഴ്‌ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാളിതു വരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്ക് വഴിവെക്കും.

പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണോ നടക്കുന്നതെന്ന് നിരീക്ഷിക്കുമെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ പ്രതിക്കെതിരെ നടപടികളുമായി മുന്നോട്ട് പോകുമെന്നും,പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് പൊലീസിന്റെ അനാസ്ഥ കാരണമായിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എംപി സ്വാലിഹ് തങ്ങൾ പറഞ്ഞു. എ.ഐ.വൈ.എഫ് ആണ് നിലവിൽ പെൺകുട്ടികൾക്ക് നിയമസഹായം നൽകി വരുന്നത്.