- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരങ്ങാട്ടുപിള്ളിയിൽ നിയമസഭ സ്തംഭിച്ചു; കസ്റ്റഡി മരണത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് ആഭ്യന്തര മന്ത്രി; ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപനം; പ്രതികളെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധമെന്ന് വി എസ്
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ യുവാവു മരിക്കാൻ ഇടയായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. കോട്ടയം മരങ്ങാട്ടുപിള്ളി സ്വദേശി സിബി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നും ആഭ്യന്തര മന്ത്രി സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയ
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ യുവാവു മരിക്കാൻ ഇടയായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.
കോട്ടയം മരങ്ങാട്ടുപിള്ളി സ്വദേശി സിബി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നും ആഭ്യന്തര മന്ത്രി സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധന നടത്തണമെന്ന വ്യവസ്ഥ പൊലീസ് പാലിച്ചില്ലെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു ചെന്നിത്തല മറുപടി നൽകി. മരങ്ങാട്ടുപള്ളി എസ്‌ഐ ജോർജ് കുട്ടിയെ സിബിയുടെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ കസ്റ്റയിൽ എടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് സസ്‌പെൻഷൻ. സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് എസ്‌പി എൻ രാമചന്ദ്രൻ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ പ്രതിപക്ഷവുമായി ചർച്ച ചെയ്ത് തീരുമാനിക്കും. സിബിയുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകുമെന്നും ചെന്നിത്തല അറിയിച്ചു. അയൽവാസിയായ പതിനാറുകാരൻ തലയിൽ ഇഷ്ടിക കൊണ്ടിടിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ആരും ഇത് വിശ്വസിക്കുന്നില്ല. ഇത് പ്രദേശത്തെ സംഘർഷത്തിലേക്ക് എത്തിക്കുകയും ചെയ്തു. വിഷയത്തിൽ സിപിഐ(എം) ഇടപെടുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. ഇതിനിടെയാണ് വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്.
വിഷയത്തിൽ കെ രാധാകൃഷ്ണൻ എംഎൽഎയാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. 16 വയസുകാരനുമേൽ കുറ്റംചുമത്തി പൊലീസുകാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 11 ദിവസം ദളിത് യുവാവ് അബോധാവസ്ഥയിൽ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫും വിഷയത്തിൽ പൊലീസിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ആഭ്യന്തര മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബഹളം തുടർന്നതിനെ തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കേസിൽ പ്രതിയായ എസ്‌ഐ അടക്കമുള്ള പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അറസ്റ്റ് നടക്കും വരും പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വ്യക്തമാക്കി.
നടന്നത് ക്രൂരമായ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദൻ പറഞ്ഞു. സർക്കാർ പൊലീസിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നത്വരെ സമരം തുടരും. പൊലീസിൽ അടിയന്തരാവസ്ഥയുടെ പ്രേതത്തെ ചെന്നിത്തല കുടിയിരുത്തിയെന്നും വി എസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുവരെ സമരം തുടരുമെന്നും വി എസ് പറഞ്ഞു.
കോട്ടയത്ത് ഹർത്താൽ തുടരുകയാണ്. അക്രമ സംഭവങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് അന്യ ജില്ലകളിൽ നിന്ന് പോലും പൊലീസിനെ കോട്ടയത്ത് എത്തിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ തലയിൽ രക്തസ്രാവമുണ്ടായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച സിബിയെ പൊലീസ് കൊന്നതാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. പ്രതിപക്ഷം മാത്രമല്ല കോൺഗ്രസുകാരും പൊലീസിനെതിരെ തിരിഞ്ഞ അവസ്ഥയാണുള്ളത്. ഇതിനിടെയാണ് സഭയിൽ മന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.