ശബരിമല : ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സു്ര്രപീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് പരാതി. തന്ത്രിക്കെതിരെ രണ്ട് വനിത അഭിഭാഷകർ നേരത്തെ തന്നെ സുപ്രിം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു.

നടയടച്ച തന്ത്രിയുടെ നടപടി ഹർജിക്കാർ നാളെ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. തന്ത്രിയുടെ പ്രവൃത്തി കോടതിയലക്ഷ്യമാണെന്ന നിലപാട് സംസ്ഥാന സർക്കാരും കോടതിയിൽ സ്വീകരിക്കാൻ സാധ്യതയുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതികൾക്ക് സംരക്ഷണം നൽകിയത്. യുവതികളുടെ ദർശനത്തിന് പിന്നാലെയാണ് ശബരിമലയുടെ നടയടച്ച് ശുദ്ധികലശം നടത്തിയത്. പിന്നീട് നട തുറക്കുകയും ചെയ്തു. യുവതികൾ പ്രവേശിച്ചാൽ നടയടക്കുമെന്ന് തന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വനിത അഭിഭാഷകരായ ഗീന കുമാരിയും എവി വർഷയും സുപ്രിം കോടതിയിൽ ഹർജി നൽകിയിരുന്നു.

പുതിയ സാഹചര്യത്തിൽ നടയടച്ച കാര്യം ഹർജിക്കാർ നാളെ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയിയുടെ ശ്രദ്ധയിൽ പെടുത്തും. ശബരിമല വിധിക്കെതിരായ പുനപ്പരിശോധന ഹർജികളും മറ്റ് ഹർജികളും ഈ മാസം 22ന് കോടതി പരിഗണിക്കാനിരിക്കെയാണ്. ഇതിന് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കോടതി ഹർജി പരിഗണിക്കുമോയെന്നാണ് അറിയേണ്ടത്.