- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകംപള്ളി ഭൂമി തട്ടിപ്പു കേസ്: സിബിഐ കുറ്റപത്രത്തിന്മേലുള്ള വാദം മാർച്ച് 15ന്; വില്ലേജ് ഓഫീസറടക്കം മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായി; സിബിഐ കോടതി പരിഗണിച്ചത് ഉടമ അറിയാതെ വ്യാജ തണ്ടപ്പേരിൽ 14 കോടി രൂപയുടെ ഭൂമി തട്ടിയെടുത്ത കേസ്:
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസിൽ സിബിഐ കുറ്റപത്രത്തിൻ മേലുള്ള വാദം മാർച്ച് 20 ന് ബോധിപ്പിക്കാൻ തിരുവനന്തപുരം സിബിഐ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിന്ന് കമ്മിറ്റ് ചെയ്തു വന്ന കേസായതിനാൽ വിചാരണ ആരംഭിക്കും മുമ്പ് സിബിഐ പ്രോസിക്യൂട്ടർ പ്രതികൾക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതിയിൽ വിശദീകരിക്കണം. കൂടാതെ പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിനായി ഹാജരാക്കിയ രേഖകൾ സംബന്ധിച്ചും വാദം പറയാനാണ് കോടതി നിർദ്ദേശം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 226 പ്രകാരമാണ് പ്രോസിക്യൂഷൻ വാദങ്ങൾ ബോധിപ്പിക്കേണ്ടത്.
മുൻ കടകംപള്ളി വില്ലേജ് ഓഫീസർ പേട്ട സ്വദേശി വി.പി.അനിൽകുമാർ, ഇടവ തച്ചേരിവിളാകം സ്വദേശി മുഹമ്മദ് അഷ്റഫ് എന്ന എ.എം.അഷ്റഫ്, പേരൂർക്കട പാലൂർ ഹൗസിൽ പി.എൻ.സുബ്രഹ്മണ്യ പിള്ള എന്നിവരാണ് കേസിലെ പ്രതികൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജുൾപ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ 5 കേസുകളിൽ തിരുവനന്തപുരം സിജെഎം കോടതിയിലും 2 കേസുകളിൽ തിരുവനന്തപുരം സിബിഐ കോടതിയിലുമാണ് സിബിഐ വേർതിരിച്ചുള്ള കുറ്റപത്രം സമർപ്പിച്ചത്. രണ്ടു കേസുകളിൽ ആണ് സലിം രാജ് പ്രതിയായിട്ടുള്ളത്. എഫ് ഐ ആറിൽ 22 പേരെ സി ബി ഐ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർമാർ എന്നിവരടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും സലിം രാജിന്റെ കൂട്ടാളികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. എഫ് ഐആറിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സലിംരാജിന്റെ ഭാര്യ ഷംഷദിനെ കുറ്റപത്രത്തിൽ സിബിഐ ഒഴിവാക്കി.
കടകംപള്ളി വില്ലേജിലെ 170 പേരുടെ 44.5 ഏക്കർ ഭൂമി ഉടമകൾ അറിയാതെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി ശൂന്യ തണ്ടപ്പേരിൽ മാറ്റിയെടുത്ത് 14 കോടി രൂപയുടെ ഭൂമി തട്ടിയെടുത്തെന്നാണ് കേസ്. ഭൂമിയുടെ തണ്ടപ്പേർ മാറ്റാൻ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന ,വഞ്ചന , നേരുകേടായി പ്രതിഫലത്തെപ്പറ്റി വ്യാജമായ പ്രസ്താവന അടങ്ങിയ കൈമാറ്റക്കരണം ഒപ്പിട്ടു പൂർത്തിയാക്കൽ ,വ്യാജരേഖ ചമക്കൽ , വ്യാജ രേഖ അസൽ രേഖ പോലെ ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കുറ്റ പത്രം സമർപ്പിച്ചത് .2016 ഓഗസ്റ്റ് 30നാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് . സംസ്ഥാന വിജിലൻസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ ഹൈക്കോടതിയാണ് സലിം രാജുൾപ്പെട്ട കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പു കേസുകൾ സിബിഐക്ക് കൈമാറിയത്.2014 ജനുവരിയിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.സലിം രാജിനെ വിജിലൻസ് ചോദ്യം ചെയ്ത രീതിയെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.