- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖ കരാർ : ഉമ്മൻ ചാണ്ടിക്ക് ഇനി ആശ്വസിക്കാം; കരാർ നൽകിയതിൽ ഉമ്മൻ ചാണ്ടി അടക്കം ആരും വ്യക്തിപരമായ അഴിമതി നടത്തിയിട്ടില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ; അഴിമതി സംബന്ധിച്ചുള്ള സിഐജി കണ്ടെത്തൽ പൂർണമായും തള്ളി കമ്മീഷൻ; തുറമുഖത്തിന്റെ ലാഭ-നഷ്ടങ്ങൾ ഇപ്പോൾ കണക്കാക്കാനാവില്ലെന്നും വിലയിരുത്തൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ നിന്നും ഉമ്മൻ ചാണ്ടിക്ക് ആശ്വാസം. കരാറിൽ ആആരും അഴിമതി നടത്തിയിട്ടില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മുഖ്യമന്ത്രി പദവിയിലിരിക്കേ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന് അഴിമതി ആരോപണം ഏറെ വിവാദത്തിന് വഴി തെളിയിച്ചിരുന്നു. സിഎജി റിപ്പോർട്ടിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് അന്ന് വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഉമ്മൻ ചാണ്ടിയടക്കം ആരും വ്യക്തിപരമായ അഴിമതി നടത്തിയിട്ടില്ലെന്ന് കമ്മിഷൻ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
വിഴിഞ്ഞം കരാർ അദാനി ഗ്രൂപ്പിന് നൽകിയതിലടക്കം ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായി കമ്മിഷനെ അന്വേഷണത്തിന് നിയോഗിച്ചത്. 19 കാര്യങ്ങളാണ് പരിശോധിച്ചത്. ഇതിൽ അഴിമതി സംബന്ധിച്ച സി.എ.ജി. കണ്ടെത്തൽ പൂർണമായും കമ്മിഷൻ തള്ളി. കരാർ നൽകുന്നതിൽ അദാനിയെ മാത്രം പരിഗണിച്ചത് അഴിമതിയല്ല. അവർ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. തുറമുഖത്തിന്റെ ലാഭ-നഷ്ടങ്ങൾ ഇപ്പോൾ കണക്കാക്കാനാവില്ലെന്നും കമ്മിഷൻ വിലയിരുത്തി.
വിഴിഞ്ഞം പദ്ധതിയുമായി സർക്കാരിന് മുന്നോട്ടുപോകാമെന്നും ജുഡീഷ്യൽ കമ്മിഷൻ വ്യക്തമാക്കി. കരാർ നൽകുന്നതിലടക്കം പദ്ധതിയെ രാഷ്ട്രീയമായി ആരും ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതൊരു ദീർഘകാല പദ്ധതിയാണ്. 15 വർഷമെങ്കിലുമെടുക്കും വരുമാനം ഉറപ്പാക്കാൻ. അതിന്റെ ആദ്യഘട്ട കമ്മിഷനിങ് പോലും കഴിയാതെ ലാഭ-നഷ്ടങ്ങൾ നിർണയിക്കാൻ സി.എ.ജി.ക്കോ കമ്മിഷനോ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യക്തിപരമായ അഴിമതി ആരും കമ്മിഷന്റെ മുമ്പിൽ ഉന്നയിച്ചിരുന്നുമില്ല. അഴിമതിയാരോപണം ഉന്നയിച്ചവരാകട്ടെ തെളിവും നൽകിയിട്ടില്ല. ഉമ്മൻ ചാണ്ടി, മുൻതുറമുഖ വകുപ്പ് സെക്രട്ടറി ജെയിംസ് വർഗീസ്, വിഴിഞ്ഞം തുറമുഖം അധികൃതർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരിൽനിന്നെല്ലാം കമ്മിഷൻ മൊഴിയെടുത്തിരുന്നു.
ഒന്നരവർഷം അന്വേഷിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മുൻ തുറുമുഖ വകുപ്പ് സെക്രട്ടറി കെ. മോഹൻദാസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സിൽനിന്ന് വിരമിച്ച പി.ജെ. മാത്യു എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. തിങ്കളാഴ്ച മൂന്നുമണിയോടെയാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. നിയമസഭയിൽവെച്ചശേഷമേ ഇതിന്റെ ഉള്ളടക്കം പൂർണമായി പുറത്തുവരുകയുള്ളൂ.
മറുനാടന് ഡെസ്ക്