- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജൂഹി ചൗളയുടെ ഹർജി പ്രശസ്തിക്ക് വേണ്ടി; നടിയുടെ ഹർജി തള്ളി കോടതി; കേസ് ചെലവിലേക്കായി 20 ലക്ഷം രൂപ പിഴയടയ്ക്കണം; ഓൺലൈനായുള്ള കോടതി നടപടികൾക്കിടയിൽ ജൂഹി ചൗളയുടെ പാട്ട് പാടി തടസപ്പെടുത്തിയ ആരാധകനെതിരെ നടപടിയെടുക്കാനും നിർദ്ദേശം
ന്യൂഡൽഹി: 5ജി സാങ്കേതികവിദ്യ രാജ്യത്തു നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ജൂഹി ചൗള സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പ്രശസ്തിക്കു വേണ്ടിയാണ് നടി ഹർജി സമർപ്പിച്ചതെന്ന് കോടതി വിമർശിച്ചു. കേസ് ചെലവിലേക്കായി 20 ലക്ഷം രൂപ പിഴയടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം, ഓൺലൈനായി ഹർജി പരിഗണിച്ചപ്പോൾ ജൂഹി ചൗളയുടെ സിനിമകളിലെ പാട്ടുപാടിയ ആളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. അയാൾക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്തിരുന്നു.
ഓൺലൈനായി കേസ് പരിഗണിച്ചപ്പോഴാണു ആരാധകൻ തുടർച്ചയായി ജൂഹി ചൗളയുടെ സിനിമയിലെ പാട്ടുകൾ പാടിയത്. 'ജൂഹി മാഡം എവിടെ? എനിക്കു കാണാനാവുന്നില്ലല്ലോ' എന്നു ചോദിച്ചായിരുന്നു ആരാധകന്റെ പ്രവേശം.
ഹർജി പരിഗണിച്ച ജസ്റ്റിസ് മിധ തുടക്കത്തിൽ തന്നെ ആരാധകനെ 'മ്യൂട്ട്' ചെയ്യാനും നടപടികളിൽ നിന്ന് ഒഴിവാക്കാനും നിർദേശിച്ചു. എന്നാൽ വീണ്ടും തിരികെ പ്രവേശിച്ച് പാട്ടു തുടർന്നു.
1993 ൽ പുറത്തിറങ്ങിയ 'ഹം ഹെ രഹി പ്യാർ കേ' എന്ന ബോളിവുഡ് സിനിമയിലെ 'ഖൂൻഗത് കി ആദ് സേ' എന്ന പാട്ട് പാടി ചിരി ഉയർത്തിയയാൾ പിന്നീട് അയ്ന എന്ന സിനിമയിലെ 'മേരീ ബാനോ കി ആയേഗി ഭാരത് കേ ധോൽ ബജാവോ ജി' എന്നതുൾപ്പെടെയുള്ള പാട്ടുകളും പാടി. ഇയാളെ ആദ്യം പുറത്താക്കിയെങ്കിലും മനീഷ കൊയ്രാള, ജാൻവി എന്നീ പേരുകളിൽ വീണ്ടും ലൈനിലെത്തി.
ഇതോടെ നടപടികൾ നിർത്തിവച്ച കോടതി നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഹർജിയുടെ വിവരങ്ങൾ ജൂഹി ചൗള ട്വിറ്ററിലും മറ്റും പങ്കുവച്ചിരുന്നു. കോടതി നടപടികളുടെ ലിങ്കും നൽകി. ഇതുപയോഗിച്ചായിരുന്നു ആരാധകൻ ഹിയറിങ്ങിൽ പ്രവേശിച്ചത്. അയാളെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് ഇന്ന് വീണ്ടും കോടതി ആവശ്യപ്പെട്ടത്.
5ജി സാങ്കേതിക വിദ്യ ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു ജൂഹി ചൗള ഹർജി ഫയൽ ചെയ്തത്. 5ജി സംവിധാനം നടപ്പാക്കുന്നതിനു മുൻപ് അതു മനുഷ്യർക്കും സസ്യജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാകുമെന്ന പഠനം നടത്തണമെന്നായിരുന്നു ആവശ്യം. ഈ വിഷയത്തിൽ സർക്കാരിന് നിവേദനം നൽകാതെ നേരിട്ടു കോടതിയെ സമീപിച്ചതിനെ ഇന്നലെ തന്നെ ജഡ്ജി വിമർശിച്ചിരുന്നു. മൊബൈൽ ടവറുകളിലൂടെയുള്ള റേഡിയേഷനെക്കുറിച്ചു സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ