കവൻട്രി: ബ്രിട്ടനിൽ മലയാളി പെൺകുട്ടി മരിച്ചു. ചിങ്ങവനം സ്വദേശി വിനോദിന്റെ മകൾ ജൂലിയ ആണ് മരിച്ചത്. അജ്ഞാത രോഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു ജൂലിയ. നാലു വർഷം മുൻപ് ഇറ്റലിയിൽ നിന്നും യുകെ യിലേക്ക് എത്തിയതാണ് വിനോദിന്റെ കുടുംബം.

ലെസ്റ്ററിൽ എത്തി അധികം വൈകാതെ മൂന്നാമത്തെ മകളായ ജൂലിയയ്ക്കു അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങൾ ആരംഭിക്കുക ആയിരുന്നു .തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ലെസ്റ്റർ റോയൽ ഇൻഫാർമറി ഹോസ്പിറ്റലിലെ ചികിത്സയിൽ ആയിരുന്നു കുട്ടി. ഏതാനും നാളുകളായി രോഗനില വഷളായതോടെ വീട്ടിൽ തന്നെയാണ് തുടർ ചികിത്സ നടത്തിയിരുന്നത്. തികച്ചും അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ രോഗനില വഷളാവുകയും ഇന്ന് പുലർച്ചെ രണ്ടരയോടെ മരണം സംഭവിക്കുകയുമായിരുന്നു.

ലെസ്റ്ററിലെ വീട്ടിൽ ഇന്നലെ വൈകുന്നേരം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാളും ലെസ്റ്റർ മദർ ഓഫ് ഗോഡ് വികാരിയുമായ മോൺസിഞ്ഞോർ ജോർജ്ജ് ചേലക്കൽ വീട്ടിൽ ജൂലിയയ്ക്ക് അന്ത്യകൂദാശ നൽകി. തുടർന്ന് മൃതദേഹം ഫ്യൂണറൽ സർവ്വീസുകാർ ഏറ്റെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഭവനസന്ദർശനം ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.

അഞ്ചു പെണ്മക്കൾ ഉള്ള വിനോദിന്റെയും രാജിയുടെയും കുടുംബത്തിൽ എല്ലാവരും കലാവാസന ഉള്ളവർ ആണെന്നതും പ്രത്യേകതയാണ്. മരിച്ച ജൂലിയ നന്നായി പാടുകയും നൃത്തം ചെയ്യുകയുമായിരുന്നത് ഏവരുടെയും സന്തോഷ നിമിഷങ്ങളിലെ ജീവനുള്ള കാഴ്ചയായി അവശേഷിക്കുകയാണ്. ലെസ്റ്റർ ക്‌നാനായ യൂണിറ്റിലും കുടുംബ കൂട്ടായ്മയിലും ഒക്കെ ജൂലിയ പാടിയ പാട്ടുകളും നൃത്തങ്ങളും ഒക്കെയാണ് അടുപ്പമുള്ളവർക്കു ഇപ്പോൾ ഓർമ്മയിൽ നിറയുന്നത്.