സ്റ്റോക്ക്‌ഹോം: വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരായ ബലാത്സംഗക്കേസിലെ അന്വേഷണം സ്വീഡൻ അവസാനിപ്പിച്ചു. ഏഴു വർഷമായി തുടരുന്ന അന്വേഷണമാണ് സ്വീഡൻ അവസാനിപ്പിച്ചത്. കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് 2012 മുതൽ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് കഴിയുന്നത്. ഇപ്പോഴത്തെ തീരുമാനത്തോടെ ഇനി അസാഞ്ചിന് സ്വതന്ത്രനായി യാത്ര ചെയ്യാം.

അസാഞ്ചിനെതിരായ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സ്വീഡിഷ് പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ മാരിയൻ നി ആണ് അറിയിച്ചത്. അദ്ദേഹത്തിനെതിരായ അറസ്റ്റ് വാറന്റും ഉടൻ പിൻവലിക്കും. സ്വതന്ത്രനായതോടെ അസാൻജ് എത്രയും പെട്ടന്ന് ലണ്ടൻ വിടുമെന്ന് വിക്കിലീക്സ് വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ അസാഞ്ചിന് ഉടൻ ലണ്ടൻ വിടാൻ കഴിയില്ലെന്നും അദ്ദേഹത്തിനെതിരായ മറ്റ് വകുപ്പുകൾ നിലനിൽക്കുന്നുണ്ടെന്നുമാണ് ലണ്ടൻ പൊലീസ് വൃത്തങ്ങൾ പറയുന്നത്. 2012 ജൂണിൽ അസാഞ്ചിനെതിരെ കോടതി പുറപ്പെടുവിച്ച വാറന്റ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അതിനെതിരെ അസാഞ്ച് ഇതുവരെ ജാമ്യാപേക്ഷ പോലും നൽകിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

ഇക്വഡോർ അഭയം നൽകിയതിനെ തുടർന്ന് ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് അസാൻജ് 2012 മുതൽ കഴിയുന്നത്. സ്വീഡൻ തന്നെ അമേരിക്കയ്ക്ക് കൈമാറുമെന്ന് അസാൻജ് ഭയപ്പെട്ടിരുന്നു. 2010 ൽ അമേരിക്കയുടെ രഹസ്യ നയതന്ത്ര സന്ദേശങ്ങൾ ചോർത്തിയതിനെ തുടർന്ന് അമേരിക്ക നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരായ കേസെന്ന് ജൂലിയൻ അസാൻജ് ആരോപിച്ചിരുന്നു. യുഎസ് സൈന്യവുമായി ബന്ധപ്പെട്ട നിരവധി രേഖകളാണ് വിക്കിലീക്സ് പുറത്ത് വിട്ടത്. കഴിഞ്ഞ നവംബറിൽ സ്വീഡിഷ് അധികൃതർ നടത്തിയ ചോദ്യം ചെയ്യലിലും ബലാത്സംഗ ആരോപണം അസാൻജ് നിഷേധിച്ചിരുന്നു.

സ്റ്റോക്ക്ഹോമിൽ വെച്ച് അസാൻജ് ലൈംഗികമായി പീഡിപ്പിച്ചതായി മുൻ വിക്കിലീക്സ് വോളണ്ടിയർമാരായ രണ്ടു സ്ത്രീകൾ 2010 ൽ ആരോപിക്കുകയായിരുന്നു.