ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫോർട്ട് ബെന്റ് കൗണ്ടി കോർട്ട് (ലൊ നമ്പർ 3) ജഡ്ജി സ്ഥാനത്തേക്ക് മലയാളിയായ അറ്റോർണി ജൂലി മാത്യു മത്സരിക്കുന്നു. കൗണ്ടി കോർട്ടിലെ നിലവിലുള്ള ഏക വനിതാ ജഡ്ജി വിരമിക്കുന്ന ഒഴിവിലേക്കാണ് ജൂലി മത്സരിക്കുന്നത്. ടെക്‌സസ് ഷുഗർലാന്റിൽ നിന്നുള്ള ജൂലി 1980 ൽ മാതാപിതാക്കളോടൊപ്പമാണ് അമേരിക്കയിൽ എത്തിയത്.

ഫിലഡൽഫിയായിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച്, പെൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഡെലവെയർ ലോ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും നിയമ ബിരുദമെടുത്ത ശേഷമാണ് ടെക്‌സസിലേക്ക് താമസം മാറ്റിയത്. 2002 മുതൽ ഫോർട്ട്‌ബെന്റ് കൗണ്ടിയിൽ ഭർത്താവ് മാത്യു, മൂന്ന് കുട്ടികൾ എന്നിവരോടൊപ്പം താമസിക്കുന്നു. പ്രാദേശിക ഗവൺമെന്റ്
ബോഡികളിൽ പ്രവർത്തിക്കുന്നതാണ് ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കുന്നതിനും അതിനു പരിഹാരം കണ്ടെത്തുന്നതിനും ഏറ്റവും ഉചിതമായ വേദിയെന്ന തിരിച്ചറിവാണ് ജൂലിയെ സ്ഥാനാർത്ഥിത്വത്തിലേക്ക് നയിച്ചത്.

ഇപ്പോൾ കൗണ്ടി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ജൂലി ഹൂസ്റ്റൺ സാമൂഹ്യ സാംസ്‌കാരിക വേദികളിലെ സജ്ജീവ സാന്നിധ്യമാണ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നിരവധി സ്റ്റുഡന്റ്
ഗവൺമെന്റുകൾ പ്രവർത്തിച്ചു. നേതൃത്വ പാടവം തെളിയിച്ച ജൂലിയുടെ വിജയത്തിനായി പ്രവാസി മലയാളി സമൂഹം ഒറ്റകെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. 

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പണം കണ്ടെത്തുന്നതിനായി ഒരു ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : vote for Juli വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്. ടെക്സ്റ്റ് സന്ദേശം അയയ്‌ക്കേണ്ടുന്ന നമ്പർ : 31996