മലപ്പുറം: ബീഫ് വിരോധികൾ കൊലപ്പെടുത്തി. ജുനൈദിന്റെ സഹോദരൻ മുഹമ്മദ് ഹാഷിം പാണക്കാട്ട്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാനെത്തിയതായിരുന്നു ഹാഷിം.

ട്രെയിൻ യാത്രയ്ക്കിടെ ഹരിയാനയിൽ കൊല്ലപ്പെട്ട ജുനൈദ് ഖാന്റെ സഹോദരനായ ഹാഷിമും അർധസഹോദരൻ മുഹമ്മദ് അസ്ഹറുദ്ദീനും ഇന്നലെ രാവിലെയാണു പാണക്കാട്ടെത്തിയത്. ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാനാണു ഹാഷിമും അസ്ഹറുദ്ദീനും കേരളത്തിലെത്തിയത്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ എന്നിവർക്കൊപ്പമാണ് ഇരുവരും പാണക്കാട്ടെത്തിയത്.

തന്റെ കൺമുന്നിലിട്ടാണ് അക്രമികൾ ജുനൈദിനെ തല്ലിച്ചതച്ചതെന്നു ഹാഷിം പറഞ്ഞു. തന്റെ കൈകൾ അവർ കൂട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ഇനി ഒരാൾക്കുമെതിരെ ഇത്തരം അതിക്രമം ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും ഹാഷിം പറഞ്ഞു. രണ്ടു സംഘങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല ഹരിയാനയിലുണ്ടായതെന്നും ആർക്കെതിരെയും എപ്പോഴും ഇതുപോലെ അക്രമങ്ങളുണ്ടാകാമെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.

ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് ഇത്തരം സംഭവങ്ങൾ ചൂടുപകരണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾ വേട്ടയാടപ്പെടുന്നതിനെതിരെ മുസ്‌ലിം ലീഗ് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ഹൈദരലി തങ്ങൾ പറഞ്ഞു.