ഡബ്ലിൻ: വാട്ടർ ബില്ലിൽ 100 യൂറോയുടെ ഇളവ് ലഭിക്കുന്നതിനായി ഐറീഷ് വാട്ടറിൽ പേരു രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ജൂൺ 30 ആയി നീട്ടി. ഈ തിയതിയോടെ പേരു രജിസ്റ്റർ ചെയ്യാത്തവർക്ക് സെപ്റ്റംബർ മുതൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ പ്രൊട്ടക്ഷനിൽ നിന്ന് അനുവദിക്കുന്ന 100 യൂറോയുടെ ഇളവ് ലഭ്യമായിരിക്കില്ല എന്ന് പരിസ്ഥിതി മന്ത്രി അലൻ കെല്ലി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അയർലണ്ടിൽ നടപ്പാക്കിയിരിക്കുന്ന വാട്ടർ ബിൽ ചാർജ് യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഇംഗ്ലണ്ടിലും വേൽസിലും 2014- 15 കാലഘട്ടത്തിൽ വാട്ടർ ബിൽ ശരാശരി 540 യൂറോയാണെന്നും മന്ത്രി പറയുന്നു. വരും മാസങ്ങളിൽ 17,000 കുടുംബങ്ങൾക്ക് ബോയിൽ വാട്ടർ നോട്ടീസ് ഐറീഷ് വാട്ടർ എടുത്തുകളയുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കൂടാതെ രാജ്യവ്യപകമായി 385 പ്രൊജക്ടുകളും ഐറീഷ് വാട്ടർ വിഭാവനം ചെയ്തിട്ടുണ്ടെന്നും അലൻ കെല്ലി വെളിപ്പെടുത്തി.

ഐറീഷ് വാട്ടർ പിരിച്ചുവിടുകയോ വാട്ടർ ചാർജ് എടുത്തുകളയുകയോ ചെയ്താൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകളെ ആശ്രയിച്ചു ജീവിക്കുന്ന 940,000 പേരുടെ അതിജീവനം പ്രതിസന്ധിയിലാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിലുള്ള വാട്ടർ ചാർജ് പ്രതിപക്ഷം വിമർശനവിധേയമാക്കുന്നുണ്ടെങ്കിലും അതു വസ്തുത മനസിലാക്കാതെയുള്ളതാണെന്ന് അലൻ കെല്ലി കുറ്റപ്പെടുത്തി. വാട്ടർ ചാർജ് ഈടാക്കിയില്ലെങ്കിൽ സമ്പദ് വ്യവസ്ഥയ്ക്ക് 78 മില്യൺ യൂറോയുടെ കടബാധ്യതയാണ് വരുത്തിവയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.